ശുദ്ധിക്രിയയുടെ ആവശ്യം ഇപ്പോഴില്ലെന്ന് ശബരിമല തന്ത്രി: ജാതി പിശാചിന്റെ പ്രതീകമായ തന്ത്രി ബ്രാഹ്മണ രാക്ഷസനാണെന്ന് ജി.സുധാകരന്‍

single-img
5 January 2019

ശബരിമലയില്‍ ശ്രീലങ്കന്‍ സ്വദേശിയായ യുവതി ദര്‍ശനം നടത്തിയെന്ന് വ്യക്തതയില്ലാത്തതിനാല്‍ ഇപ്പോള്‍ ശുദ്ധിക്രിയയുടെ ആവശ്യമില്ലെന്ന് തന്ത്രി കണ്ഠരര് രാജീവരര്. ശ്രീലങ്കയില്‍ നിന്നെത്തിയ ശശികല എന്ന യുവതി സന്നിധാനത്തെത്തിയിരുന്നുവെന്ന് മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും സ്ഥിരീകരിച്ചിരുന്നു.

എന്നാല്‍ ദേവസ്വം ബോര്‍ഡിന്റെ വിജിലന്‍സ് വിഭാഗമോ പോലീസിന്റെ ഇന്റലിജന്‍സ് വിഭാഗമോ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇവര്‍ക്ക് 47 വയസാണ് പ്രായമെങ്കിലും ഗര്‍ഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്ക് വിധേയയായിട്ടുണ്ട്. ഗര്‍ഭപാത്രം നീക്കം ചെയ്ത യുവതികള്‍ ഇതിനു മുമ്പും ശബരിമലയില്‍ ദര്‍ശനത്തിനെത്തിയിട്ടുണ്ട്.

ആ സന്ദര്‍ഭങ്ങളില്‍ ശുദ്ധിക്രിയ നടത്തിയിട്ടില്ല. കൂടാതെ മകരവിളക്കിന് മുന്നോടിയായി പ്രാസാദ ശുദ്ധിക്രിയ അടക്കമുള്ള പൂജകള്‍ സന്നിധാനത്ത് നടക്കുന്നുണ്ട്. അതു കൊണ്ട് ഇപ്പോള്‍ ശബരിമലയില്‍ ശുദ്ധിക്രിയയുടെ ആവശ്യമില്ല എന്ന തീരുമാനത്തിലാണ് തന്ത്രി ഇപ്പോള്‍.

അതേസമയം ശബരിമല തന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും മന്ത്രി ജി സുധാകരന്‍. തന്ത്രി ബ്രാഹ്മണന്‍ അല്ല ബ്രാഹ്മണ രാക്ഷസനാണെന്നും ശബരിമല നട പൂട്ടിപ്പോകും എന്ന് പറയാന്‍ തന്ത്രിക്ക് എന്തധികാരമാണുള്ളതെന്നും മന്ത്രി ചോദിച്ചു.

തന്ത്രിക്ക് അയ്യപ്പനോട് സ്‌നേഹമില്ല. ബ്രാഹ്മണ മേധാവിത്തത്തിന്റെ വീഴ്ചയുടെ ആരംഭമാണിത്. ഒരു സഹോദരി കയറിയപ്പോള്‍ ശുദ്ധികലശം നടത്തിയ തന്ത്രി ഒരു മനുഷ്യനാണൊ?. തന്ത്രി സ്ഥാനം പിന്‍വലിക്കാന്‍ സര്‍ക്കാരിന് അധികാരമില്ല. എന്നാല്‍ ശബരിമലയില്‍ നിന്നും തന്ത്രിയെ മാറ്റുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ദേവസ്വം ബോര്‍ഡിന് അധികാരമുണ്ടെന്നും മന്ത്രി പറഞ്ഞു.

അയ്യപ്പനോട് അദ്ദേഹത്തിന് സ്‌നേഹവും കൂറും ബഹുമാനവുമില്ല. അയ്യപ്പന്റെ കൃപ കൊണ്ടാണ് അന്നം കഴിക്കുന്നതെന്ന ഓര്‍മയില്ല. തന്ത്രിയില്‍ നിന്നാണ് അയ്യപ്പനിലേക്ക് ദൈവിക ശക്തി പ്രവഹിക്കുന്നതെന്നാണല്ലോ പറയുന്നത്. എന്നാല്‍ ഒരു സഹോദരിയെ മ്ലേച്ഛയായി കരുതി ശുദ്ധികലശം നടത്തിയ ആളില്‍ നിന്ന് എന്ത് ദൈവിക ശക്തി പ്രവഹിക്കുമെന്നാണ് പറയുന്നതെന്നും മന്ത്രി ചോദിച്ചു. തന്ത്രിയുടെ നടപടിയോടുള്ള സര്‍ക്കാര്‍ നിലപാടിനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി.