സംസ്ഥാനത്ത് കനത്ത ജാഗ്രതാ നിര്‍ദേശം; ഫേസ്ബുക്കും വാട്‌സ് ആപ്പും പോലീസ് നിരീക്ഷണത്തില്‍; വ്യാജവാര്‍ത്ത പ്രചരിപ്പി ക്കുന്നവര്‍ കുടുങ്ങും

single-img
5 January 2019

ശബരിമല യുവതീ പ്രവേശനത്തെ തുടര്‍ന്നുണ്ടായ അക്രമങ്ങള്‍ സംസ്ഥാനത്തുടനീളം വ്യാപിക്കുന്ന സാഹചര്യത്തില്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ജാഗ്രതാ നിര്‍ദേശം നല്‍കി. കണ്ണൂര്‍ ജില്ലയില്‍ ഉണ്ടായ അക്രമങ്ങള്‍ തടയാന്‍ കര്‍ശന നടപടിയെടുക്കാനും രാഷ്ട്രീയ നേതാക്കളുടെ വീടുകള്‍ അക്രമിക്കപ്പെട്ടതുള്‍പ്പടെ ആക്രമണങ്ങളുടെ ഉത്തരവാദികളെ ഉടന്‍ പിടികൂടാനും കണ്ണൂര്‍ പോലീസ് മേധാവിക്ക് ഡി.ജി.പി നിര്‍ദേശം നല്‍കി. തലശ്ശേരി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്നലെ രാത്രി മാത്രം 19 പേരെ കരുതല്‍ തടങ്കലില്‍ എടുത്തുവെന്നും ഡി.ജി.പി വ്യക്തമാക്കി.

അതേസമയം ശബരിമലയിലെ യുവതീപ്രവേശം, ഹര്‍ത്താല്‍ എന്നിവയുമായി ബന്ധപ്പെട്ട് വ്യാജസന്ദേശങ്ങളും മതസ്പര്‍ദ വളര്‍ത്തും വിധത്തിലുള്ള പ്രചരണങ്ങളും പോസ്റ്റ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ കഴിഞ്ഞ ദിവസം തന്നെ സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹറ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഫേസ്ബുക്കും വാട്‌സ് ആപ്പും പോലീസ് നിരീക്ഷിക്കുന്നുണ്ട്.

വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ വഴി ഇത്തരം സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്. ഗ്രൂപ്പ് അഡ്മിന്‍മാരും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം. കമ്മ്യൂണല്‍ ക്യാമ്പയിന്‍, ഹെയ്റ്റ് ക്യാമ്പയിന്‍ എന്നിവ നടത്തുന്നവര്‍ക്കെതിരെ കേസെടുക്കാനും എല്ലാ ജില്ലാപോലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇതിനു പുറമേ സ്‌പെഷ്യല്‍ബ്രാഞ്ചും ഇക്കാര്യം നിരീക്ഷിക്കുന്നുണ്ട്. സൈബര്‍ പോലീസും സൈബര്‍സെല്ലും ഇത്തരത്തിലുള്ള സന്ദേശം പ്രചരിപ്പിക്കുന്നവരെ കണ്ടെത്താനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. മുമ്പ് വാട്‌സ് ആപ്പ് ഹര്‍ത്താലുമായി ബന്ധപ്പെട്ട് 85 ക്രിമിനല്‍ കേസുകളായിരുന്നു എടുത്തത്. 1595 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.