അക്രമങ്ങളില്‍ കേന്ദ്രം റിപ്പോര്‍ട്ട് തേടി; ഭരണഘടനാപരമായ പ്രത്യാഘാതം കേരളസര്‍ക്കാര്‍ നേരിടേണ്ടി വരുമെന്ന് ബിജെപിയുടെ മുന്നറിയിപ്പ്

single-img
5 January 2019

ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക അക്രമം അരങ്ങേറിയതിനെത്തുടര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി. ഹര്‍ത്താലിന് ശേഷവും രാഷ്ട്രീയസംഘര്‍ഷങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ സ്ഥിതി ഉടന്‍ നിയന്ത്രണവിധേയമാക്കണമെന്ന് രാജ്‌നാഥ് സിംഗ് നിര്‍ദേശം നല്‍കി. കേരളത്തിലെ സാഹചര്യങ്ങള്‍ ഗൗരവത്തോടെയാണ് നിരീക്ഷിക്കുന്നതെന്നും കേന്ദ്രആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചതിനെതിരെയും അക്രമങ്ങള്‍ക്കെതിരെയും ബിജെപി എംപിമാര്‍ ഇന്നലെ രാജ്‌നാഥ് സിംഗിനെ കണ്ട് പരാതി നല്‍കിയിരുന്നു. മാവോയിസ്റ്റ് ബന്ധമുള്ളവരെ ശബരിമലയില്‍ കയറ്റി ദര്‍ശനം നടത്തിച്ചെന്നും ഇത് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം എന്നുമായിരുന്നു വി മുരളീധരന്‍ എംപി ഉള്‍പ്പടെയുള്ളവര്‍ ആവശ്യപ്പെട്ടത്.

ഈ സാഹചര്യത്തിലാണ് ഇന്നലെ വൈകിട്ട് തന്നെ ആഭ്യന്തരമന്ത്രാലയത്തില്‍ നിന്ന് ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് സന്ദേശം കൈമാറിയത്. ഇതുവരെ കേരളം മറുപടി നല്‍കിയിട്ടില്ല. സ്ഥിതിഗതികള്‍ ഉടന്‍ നിയന്ത്രണവിധേയമാക്കണമെന്ന നിര്‍ദേശം രാജ്‌നാഥ് സിംഗ് നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് കിട്ടിയ ശേഷം കേന്ദ്ര ആഭ്യന്തരമന്ത്രാലയം തുടര്‍നടപടികള്‍ സ്വീകരിക്കും.

അതേസമയം അക്രമം അവസാനിപ്പിച്ചില്ലെങ്കില്‍ ഭരണഘടനയ്ക്കുള്ളില്‍ നിന്നുകൊണ്ടുള്ള പ്രത്യാഘാതം സര്‍ക്കാരും സിപിഎമ്മും നേരിടേണ്ടി വരുമെന്ന് ബിജെപി വക്താവ് ജി.വി.എല്‍.നരസിംഹ റാവു പറഞ്ഞു. സര്‍ക്കാരാണ് കേരളത്തില്‍ അക്രമത്തിന് നേതൃത്വം കൊടുക്കുന്നത്.

ശബരിമല വിഷയത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ഇപ്പോഴത്തെ സംഘര്‍ഷം. ഇക്കാര്യത്തില്‍ ഭക്തരുടെ പ്രതിഷേധം സമാധാനപരമായിരുന്നുവെന്നും ബിജെപി വക്താവ് പറഞ്ഞു. അതേസമയം ശബരിമലയിലെ യുവതി പ്രവേശനത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുമോ എന്ന ചോദ്യത്തില്‍ നിന്ന് ബിജെപി വക്താവ് ഒഴിഞ്ഞുമാറി. കോടതിയുടെ പരിഗണനയിലായാതിനാല്‍ പ്രതികരിക്കുന്നില്ലെന്ന് നരസിംഹ റാവു പറഞ്ഞു.