ശബരിമല സമരത്തില്‍ രണ്ടും കല്‍പ്പിച്ച് ബിജെപി; സെക്രട്ടറിയേറ്റ് വളയും; മോദിയും അമിത്ഷായും കേരളത്തിലേക്ക്

single-img
5 January 2019

ദേശീയ നേതാക്കളെ എത്തിച്ച് ശബരിമല സമരം ശക്തമാക്കാന്‍ ബിജെപി. ഇതിന്റെ ഭാഗമായി ഈ മാസം 18ന് നടക്കുന്ന സെക്രട്ടേറിയേറ്റ് ഉപരോധത്തില്‍ ദേശീയ നേതാക്കള്‍ പങ്കെടുക്കും. ഈ മാസം തന്നെ രണ്ട് തവണ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍ പൊതുസമ്മേളനങ്ങളില്‍ പങ്കെടുക്കും.

15ന് ദേശീയപാത ബൈപ്പാസിന്റെ ഉദ്ഘാടനത്തിന് പിന്നാലെ കൊല്ലത്ത് ബിജെപി പൊതു സമ്മേളനത്തിലാണ് ആദ്യം നരേന്ദ്ര മോദി പങ്കെടുക്കുക. തുടര്‍ന്ന് 27ന് തൃശ്ശൂരില്‍ യുവമോര്‍ച്ചയുടെ സമ്മേളന സമാപനത്തിനും പ്രധാനമന്ത്രിയെത്തും. 18ാം തീയതി നടക്കുന്ന സെക്രട്ടേറിയറ്റ് ഉപരോധം വലിയ പരിപാടിയായി നടത്താനാണ് ബിജെപി ഉദ്ദേശിക്കുന്നത്.

ശബരിമല കര്‍മ്മസമിതിയെയും ആര്‍എസ്എസിനെയും ഒപ്പം കൂട്ടി ദേശീയ നേതാക്കളെയും പങ്കെടുപ്പിക്കാന്‍ ബിജെപി ഒരുങ്ങുകയാണ്. വന്‍ ജനപങ്കാളിത്തം ഉറപ്പാക്കി ശക്തിപ്രകടനം നടത്താനാണ് ബിജെപി നീക്കം. ഈ പരിപാടികള്‍ക്ക് പിന്നാലെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും കേരളത്തിലെത്തും.

ശബരിമല യുവതീ പ്രവേശനത്തില്‍ മുഖ്യമന്ത്രിയെ കേന്ദ്രീകരിച്ച് പ്രക്ഷോഭം ശക്തമാക്കാന്‍ ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന ആര്‍എസ്എസ് ബി.ജെ.പി നേതൃയോഗം തീരുമാനിച്ചിരുന്നു. ഹര്‍ത്താലിന്റെ പേരില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ ഏകപക്ഷീയമായി കേസുകളെടുക്കാന്‍ അനുവദിക്കില്ലെന്നും ബി.ജെ.പി വ്യക്തമാക്കി.

ഹര്‍ത്താലിനെ തുടര്‍ന്നുള്ള അക്രമസംഭവങ്ങളുടെ പേരില്‍ സംസ്ഥാന വ്യാപകമായി ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസുകള്‍ എടുക്കുന്ന സാഹചര്യത്തിലാണ് പ്രതിരോധവുമായി നേതൃത്വം രംഗത്തെത്തിയത്. ശബരിമല വിഷയത്തില്‍ സമരം ശക്തമായി തുടരുമെന്ന് പ്രഖ്യാപിച്ച ബി.ജെ.പി നേതൃത്വം, കര്‍മസമിതി പ്രവര്‍ത്തകന്റെ മരണത്തെ കുറിച്ച് കള്ളപ്രചാരണം നടത്തിയ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ ശബരിമല വിഷയം സജീവമായി നിലനിര്‍ത്താനാണ് കൊച്ചിയില്‍ ചേര്‍ന്ന ആര്‍എസ്എസ് ബി.ജെ.പി നേതൃയോഗത്തില്‍ ധാരണയായത്. നിലവിലുള്ള സാഹചര്യം അനുകൂലമാണ്. മുഖ്യമന്ത്രി രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് സമരം ശക്തമാക്കാനും ധാരണയായി. ശബരിമല കര്‍മ സമിതിയുടെ സമരങ്ങള്‍ക്ക് പൂര്‍ണപിന്തുണ നല്‍കാനും യോഗം തീരുമാനിച്ചു.