‘8,9 തീയതികളിലെ ദേശീയ പണിമുടക്ക് ഹര്‍ത്താലാകില്ല; ഒരു കടയും ബലം പ്രയോഗിച്ച് അടപ്പിക്കില്ല’

single-img
5 January 2019

കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരേ എട്ട്, ഒമ്പത് തീയതികളില്‍ രാജ്യവ്യാപകമായി നടക്കുന്ന 48 മണിക്കൂര്‍ പണിമുടക്ക് ഹര്‍ത്താലാകില്ലെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ നേതാവ് എളമരം കരീം. ഒരു കടയും ബലം പ്രയോഗിച്ച് അടപ്പിക്കില്ലെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ വ്യക്തമാക്കി.

കേന്ദ്രസംസ്ഥാന പൊതുമേഖലാ ജീവനക്കാര്‍, ധനകാര്യസ്ഥാപനങ്ങളിലെ ജീവനക്കാര്‍, റോഡ് ഗതാഗത മേഖലയിലെ തൊഴിലാളികള്‍ തുടങ്ങി സംഘടിതവും അസംഘടിതവുമായ എല്ലാ മേഖലയിലെ തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കും. കര്‍ഷകരും പിന്തുണ അറിയിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് വ്യാപാരി, വ്യവസായ മേഖലയിലെ സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് നേതാക്കള്‍ അറിയിച്ചു. വ്യാപാരസ്ഥാപനങ്ങളിലെ തൊഴിലാളികളും പണിമുടക്കും. കുറച്ചു കൂടി ശക്തമായി പ്രതിഷേധം അറിയിക്കാനാണ് 48 മണിക്കൂര്‍ പണിമുടക്ക് നടത്തുന്നത്.

കടകള്‍ക്ക് കല്ലെറിയില്ല. തൊഴിലാളികളേയും ബാധിക്കുന്ന ആവശ്യത്തിനാണ് പണിമുടക്ക്. കടയടക്കാന്‍ ആരെയും നിര്‍ബന്ധിക്കില്ല. ഹര്‍ത്താലോ ബന്ദോ അല്ലെന്നും എളമരം കരീം പറഞ്ഞു. ജോലിക്ക് എത്തുന്നവരെയും വാഹനങ്ങളെയും തടയില്ല. ശബരിമല തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കില്ല.

ടൂറിസം മേഖലയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കി. ഒരു അക്രമവും ഉണ്ടാവില്ലെന്നും എളമരം കരീം പറഞ്ഞു. ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകള്‍ ചേര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പണിമുടക്ക് നടത്തുന്നത്. തൊഴിലാളി സംഘടനകള്‍ക്കൊപ്പം മോട്ടോര്‍ മേഖലയും, ബാങ്കിംഗ് തൊഴിലാളി സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കും.

അവശ്യ സാധനങ്ങളുടെ വിലക്കയറ്റം തടയുക, തൊഴിലില്ലായ്മ പരിഹരിക്കുക, മിനിമം വേതനവും പെന്‍ഷനും കൂട്ടുക തുടങ്ങിയവയാണ് ആവശ്യങ്ങള്‍. ഇന്ധന വിലക്കയറ്റം നിയന്ത്രിക്കുക, ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധനവ് പിന്‍വലിക്കുക, പത്ത് വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നത് തടയുന്ന മോട്ടോര്‍ വാഹന നിയമ ഭേദഗതി നടപ്പാക്കാതിരിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മോട്ടോര്‍ തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നത്. കെഎസ്ആര്‍ടിസി, ടാക്‌സി, സ്വകാര്യ ബസ്, ചരക്ക് ലോറികള്‍ തുടങ്ങി വിവിധ മേഖലയിലെ തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കും.