14 വര്‍ഷം കോമയില്‍ക്കഴിഞ്ഞ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി; പീഡിപ്പിച്ചത് ആരെന്ന് അന്വേഷിച്ച് പൊലീസ്

single-img
5 January 2019

അമേരിക്കയിലെ അരിസോണയിലാണ് ലോകത്തെ ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. പതിനാല് വര്‍ഷം കോമയില്‍ കഴിഞ്ഞ യുവതി കഴിഞ്ഞ ദിവസം ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. അരിസോണയിലെ ആരോഗ്യ പരിപാലന കേന്ദ്രമാണ് യുവതിയെ ശുശ്രൂഷിച്ചുവരുന്നത്. ഇവിടുത്തെ ജീവനക്കാര്‍ക്ക് യുവതി പ്രസവിക്കും വരെ അവര്‍ ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. യുവതിയെ പീഡിപ്പിച്ചത് ആരാണെന്ന് കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

യുവതിയുടെ മുറിയില്‍ പ്രവേശിച്ചവരില്‍നിന്ന് അതിക്രമം നടത്തിയ ആളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് അന്വേഷക സംഘമിപ്പോള്‍. ആദ്യ പടിയായി വനിതാ രോഗികളുടെ മുറികളില്‍ പുരുഷ ജീവനക്കാര്‍ പ്രവേശിക്കുന്നതു ഹസിയെന്‍ഡ കേന്ദ്രം വിലക്കി.

പുരുഷ ജീവനക്കാര്‍ പ്രവേശിക്കുന്നത് അത്യാവശ്യമാണെങ്കില്‍ കൂടെ ഒരു വനിതാ ജീവനക്കാരിയുടെ സാന്നിധ്യം ഉറപ്പുവരുത്തണമെന്നാണു നിര്‍ദേശം. സംശയമുള്ളവരുടെ പട്ടിക തയാറാക്കിയശേഷം കുട്ടിയുടെ ഡിഎന്‍എ പരിശോധന നടത്തി ഒത്തുനോക്കാനും തീരുമാനമുണ്ട്. അതേസമയം, നവജാതശിശു ആരോഗ്യത്തോടെയിരിക്കുന്നുവെന്നും കേന്ദ്രം അറിയിച്ചു.

ആരോഗ്യ കേന്ദ്രത്തിലെ പുരുഷ ജീവനക്കാരെ കേന്ദ്രീകരിച്ചാണ് പോലീസിന്റെ പ്രഥമികാന്വേഷണം. ആരാണ് യുവതിയെ പീഡിപ്പിച്ചതെന്നറിയാന്‍ കുട്ടിയുടെ ഡിഎന്‍എ അടക്കമുള്ളവ പോലീസ് പരിശോധിക്കും. ഇവ ആരോഗ്യ കേന്ദ്രത്തിലെ പുരുഷ ജീവനക്കാരുടെ ഡിഎന്‍എയുമായി ഒത്തുനോക്കി യുവതിയെ പീഡിപ്പിച്ചതാരെന്ന് കണ്ടെത്തുകയാണ് പോലീസിന്റെ നീക്കം.

യുവതിയുടെ കുടുംബത്തെ വിവരം അറിയിച്ചോയെന്ന കാര്യങ്ങളൊന്നും പുറത്തുവന്നിട്ടില്ല. സംഭവം പുറത്തുവന്നതിനെത്തുടര്‍ന്നു കേസന്വേഷണം ശക്തിപ്പെടുത്താന്‍ യുവതിക്കു പിന്തുണയുമായി രണ്ടു സന്നദ്ധ സംഘടനകള്‍ എത്തിയിട്ടുണ്ട്. അതേസമയം, യുവതി ഗര്‍ഭിണിയാണെന്ന് ഈ 9 മാസവും അവരെ പരിചരിച്ചിരുന്ന ജീവനക്കാര്‍ തിരിച്ചറിഞ്ഞില്ലെന്നത് ആരോഗ്യകേന്ദ്രത്തിന്റെ വീഴ്ചയാണെന്ന് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.