‘തനിക്ക് ഇതില്‍ അപമാനമൊന്നും തോന്നുന്നില്ല, ഓള്‍ഡ് ഈസ് ഫാഷണബിള്‍’: വേറൊരാള്‍ ഉടുത്ത സാരി ധരിക്കാന്‍ യാതൊരു മടിയുമില്ലെന്ന് പറഞ്ഞ് കളക്ടര്‍ വാസുകി: വീഡിയോ

single-img
4 January 2019

വര്‍ക്കല മുനിസിപ്പാലിറ്റി ബസ് സ്റ്റാന്റില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ആര്‍എഫില്‍ നിന്ന് ലഭിച്ച ഉപയോഗിച്ച് ഉപേക്ഷിച്ച സാരി വീണ്ടും അണിഞ്ഞ് മാതൃകയായി തിരുവനന്തപുരം കലക്ടര്‍ വസുകി. വേറൊരാള്‍ ഉപയോഗിച്ച സാരി വീണ്ടും ഉടുത്തെന്ന് കരുതി തനിക്ക് ഒരുതരത്തിലും അഭിമാനക്ഷതമോ നാണക്കേടോ തോന്നുന്നില്ലെന്ന് വാസുകി വീഡിയോയില്‍ പറയുന്നു. അടുത്ത 15 വര്‍ഷത്തേക്കെങ്കിലും താന്‍ ഈ സാരി ഉടുക്കുമെന്നും കളക്ടര്‍ വ്യക്തമാക്കുന്നു.

സാരി ലഭിച്ചപ്പോഴേ ഈ സാരി ഉടുക്കുമെന്ന് താന്‍ പറഞ്ഞിരുന്നതായും കലക്ടര്‍ പറയുന്നു. വര്‍ക്കലയില്‍ ശിവഗിരി തീര്‍ഥാടനത്തിന്റെ ഭാഗമായുള്ള ഗ്രീന്‍പ്രൊട്ടോക്കോളിന്റെ മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ പോകവേയാണ് കലക്ടര്‍ വസുകി ഫെയ്‌സ്ബുക്ക് വിഡിയോയിലൂടെ ഇത് വ്യക്തമാക്കിയത്.

വേറിട്ട ചിന്തകള്‍ കൊണ്ട് എന്നും ശ്രദ്ധേയയാണ് കെ.വാസുകി ഐ.എ.എസ്. കേരളം മറക്കാനാകാത്ത ദുരന്തത്തെ അഭിമുഖീകരിച്ചപ്പോള്‍ മികച്ച സംഘാടന മികവോടെ ദുരിതമുഖത്ത് മുന്നില്‍ നിന്ന് കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ തിരുവനന്തപുരം കളക്ടര്‍ കൂടിയായ വാസുകി കാണിച്ച മികവ് ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.

കൊല്ലം ജില്ലാ കലക്ടറാണ് വസുകിയുടെ ഭര്‍ത്താവ് കാര്‍ത്തികേയന്‍. രണ്ട് കുട്ടികളാണ് ഇരുവര്‍ക്കും. സയൂരിയും സമരനും. സിവില്‍ സര്‍വീസ് ലോകത്തെ മനോഹരമായ പ്രണകഥയിലെ നായകര്‍ കൂടിയാണ് ഇരുവരും. 2008 ല്‍ ഒരുമിച്ചെഴുതിയ സിവില്‍ സര്‍വീസ് പരീക്ഷയില്‍ കാര്‍ത്തികേയന് ഐഎഫ്എസും വാസുകിക്ക് ഐഎഎസും ലഭിച്ചു.

വേര്‍പിരിഞ്ഞിരിക്കാന്‍ താല്‍പര്യമില്ലാതിരുന്നതിനാല്‍ ഐഎഫ്എസ് ഒഴിവാക്കുകയായിരുന്നു. ഐഎഎസ് നേടാന്‍ വീണ്ടും പരീക്ഷ എഴുതിയ കാര്‍ത്തികേയന് ഐആര്‍എസ് ആണ് കിട്ടിയത്. തളര്‍ന്നില്ല, നാലാം തവണത്തെ പരിശ്രമത്തില്‍ ഐഎഎസ് നേട്ടം.

മധ്യപ്രദേശ് കേഡറിലായിരുന്നു കെ.വാസുകിയുടെ തുടക്കം. ശുചിത്വമിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായി മികച്ച സേവനം നടത്തിയതിന് ശേഷമാണ് വാസുകി തിരുവനന്തപുരം കലക്ടറായി സ്ഥാനമേറ്റത്. ഐഎഎസ് എന്ന സ്ഥാനപ്പേര് അന്വര്‍ത്ഥമാക്കി ജനങ്ങളുടെ കയ്യടി നേടിയ യുവകലക്ടര്‍മാരുടെ നിരയിലേക്കാണ് വാസുകിയുമെത്തിയത്. വാസുകി ശുചിത്വ മിഷന്‍ ഡയറക്ടര്‍ ആയിരിക്കെയാണ് ചരിത്രത്തിലാദ്യമായി ആറ്റുകാല്‍ പൊങ്കാല പ്ലാസ്റ്റിക് മുക്ത പൊങ്കാലയായത്.

Posted by Collector Thiruvananthapuram on Thursday, January 3, 2019