‘കാശ്മീരിലാണെങ്കിൽ നാം അവരെ വെടിവെച്ചുകൊല്ലും; കേരളത്തിൽ ഭക്തരെന്ന് വിളിക്കും’; ഹര്‍ത്താലിന്റെ വാര്‍ത്തക്ക് പഞ്ച് തലക്കെട്ടുമായി ടെലിഗ്രാഫ്

single-img
4 January 2019

ഇന്നലെ സംഘപരിവാർ ഹർത്താലിൽ നടന്ന അക്രമങ്ങള്‍ പ്രധാന വാര്‍ത്തയായി നല്‍കി ദി ടെലഗ്രാഫ്. പൊലീസിനെ കല്ലെറിയുന്ന സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ചിത്രത്തിന് “കശ്മീരില്‍ പൊലീസിനെ കല്ലെറിയുന്നവരെ വെടിവെച്ച് കൊല്ലും; കേരളത്തിലെത്തിയാല്‍ അവരെ ഭക്തരെന്ന് വിളിക്കും” എന്ന തലക്കെട്ടാണ് ടെലഗ്രാഫ് നല്‍കിയത്.

പാലക്കാട് നടന്ന സംഘര്‍ഷത്തിന്റെ ചിത്രമാണ് ദി ടെലിഗ്രാഫിന്റെ പ്രധാന വാർത്തയായി നല്‍കിയിരിക്കുന്നത്. ശബരിമലയില്‍ യുവതീ പ്രവേശനം നടത്തിയതില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ പ്രഖ്യാപിച്ച ഹര്‍ത്താലിനിടയില്‍ പ്രതിഷേധക്കാര്‍ പൊലീസിനെ കല്ലെറിയുന്നു എന്നാണ് കാപ്ഷന്‍ നല്‍കിയത്.

ആക്രമണത്തില്‍ നിരവധി സ്വകാര്യ വാഹനങ്ങള്‍, സ്ഥാപനങ്ങള്‍, കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ തുടങ്ങിയവ നശിപ്പിച്ചതായും ടെലഗ്രാഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ സി.പി.എമ്മുകാര്‍ തിരിച്ചടിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ദി ടെലഗ്രാഫിനെ കൂടാതെ ബി.ബി.സി ഉള്‍പ്പെടെ ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങള്‍ കേരളത്തിലെ അക്രമങ്ങളുടെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേരളം സ്തംഭിച്ചു എന്ന തലക്കെട്ടാണ് ബി.ബി.സി നല്‍കിയിരിക്കുന്നത്.

മികച്ച തലക്കെട്ടുകള്‍ നല്‍കി മുമ്പും ടെലിഗ്രാഫ് നമ്മെ ഞെട്ടിച്ചിട്ടുണ്ട്. സ്മൃതി ഇറാനിക്കെതിരായ ‘ആന്റി നേഷണലും’, ‘പാട്രിയോട്ട്’ തലക്കെട്ടുകളും പത്രത്തിന്റെ ഒരു മില്യണ്‍ വരിക്കാരെയും കടന്ന് ഫേസ്ബുക്കിലൂടെയും വാട്ട്സ്ആപ്പിലൂടെയും ഏറെ പ്രചരിച്ചവയാണ്.