8,9 തീയതികളിലെ ദേശീയ പണിമുടക്കിനും കട തുറക്കുമെന്ന് വ്യാപാരികള്‍

single-img
4 January 2019

കൊച്ചി: ജനുവരി എട്ട്, ഒമ്പത് തീയതികളിലെ പണിമുടക്ക് ഹര്‍ത്താല്‍ ആക്കരുതെന്ന് വ്യാപാരികള്‍. പണിമുടക്ക് ന്യായമാണ്, എന്നാല്‍ കടകള്‍ തുറക്കാതിരിക്കാനാവില്ല. നഷ്ടം സഹിച്ചു മുന്നോട്ട് പോവാനാവില്ല. 2019 ഹര്‍ത്താല്‍ വിരുദ്ധ വര്‍ഷമാണെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് ടി നസറുദ്ദീന്‍ പറഞ്ഞു.

ഹര്‍ത്താല്‍ ദിവസം വ്യാപാരികള്‍ക്കുണ്ടായ നഷ്ടം നികത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ടി.നസറുദ്ധീന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് സമിതി മുഖ്യമന്ത്രിക്ക് കത്തു നല്‍കും. അക്രമം അഴിച്ചുവിട്ട ബി.ജെ.പിക്കും ശബരിമല കര്‍മസമിതിക്കും എതിരെ രൂക്ഷ വിമര്‍ശനമാണ് ടി.നസിറുദ്ദീന്‍ ഉയര്‍ത്തിയത്.

വ്യാപാരികള്‍ക്ക് ഹര്‍ത്താലിനിടെ ഉണ്ടായ നഷ്ടം 10 കോടി രൂപയാണ്. 100 കോടി രൂപയുടേതെങ്കിലും വ്യാപാരനഷ്ടവും ഉണ്ടായി. ബിജെപി ഹര്‍ത്താലിന് തലേന്ന് അക്രമങ്ങളുടെ റിഹേഴ്‌സല്‍ നടത്തുകയായിരുന്നെന്നും നസിറുദ്ദീന്‍ ആരോപിച്ചു. ഇതിലും വ്യാപാരികള്‍ക്ക് ഭീമമായ നഷ്ടമുണ്ടായി.

8, 9 തീയതികളില്‍ നടക്കുന്ന ഹര്‍ത്താലിനെ അനുകൂലിക്കുന്നുണ്ട്. എന്നാല്‍ ഇത് ഹര്‍ത്താല്‍ ആക്കി മാറ്റരുത്. ഇനിയൊരു ഹര്‍ത്താല്‍ താങ്ങാനുള്ള കഴിവ് വ്യാപാരികള്‍ക്കില്ല. അന്നേദിവസം കടകള്‍ തുറന്നു പ്രവര്‍ത്തിയ്ക്കും. ഹര്‍ത്താലില്‍ നഷ്ടമുണ്ടാക്കുന്ന നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കും. ഹര്‍ത്താലില്‍ ആക്രമണം നടത്തിയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് ചിഹ്നം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും ടി നസറുദ്ദീന്‍ വ്യക്തമാക്കി.