‘അതൊക്കെ കേരളത്തില്‍ മതി; ഇവിടെ വേണ്ട’; കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാരെ ശാസിച്ച് സോണിയാ ഗാന്ധി

single-img
4 January 2019

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെതിരെയുള്ള പ്രതിഷേധമായി കേരളത്തില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ച കരിദിനം പാര്‍ലമെന്റിലും ആചരിക്കാന്‍ നടത്തിയ നീക്കം മുന്‍ അധ്യക്ഷ സോണിയാ ഗാന്ധി തടഞ്ഞു. കേരളത്തില്‍നിന്നുള്ള എംപിമാരാണ് പാര്‍ലമെന്റില്‍ വ്യാഴാഴ്ച കറുത്ത റിബ്ബണ്‍ വിതരണം ചെയ്തത്. എന്നാല്‍ ഈ നീക്കം ശ്രദ്ധയില്‍ പെട്ടതോടെ സോണിയ തടയുകയായിരുന്നുവെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വ്യാഴാഴ്ച ഉച്ചയ്ക്കു കേരളത്തില്‍ നിന്നുള്ള ഒരു എംപി മറ്റ് എംപിമാര്‍ക്ക് ബാഡ്ജ് കൈമാറുമ്പോള്‍ സോണിയ ശ്രദ്ധിച്ചു. അവര്‍ ഉടന്‍ തന്നെ ഇടപെടുകയും ഇത് നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ലിംഗസമത്വത്തിനും സ്ത്രീകളുടെ അവകാശങ്ങള്‍ക്കും ഒപ്പമാണ് കോണ്‍ഗ്രസിന്റെ നിലപാടെന്ന് എംപിമാരെ സോണിയ ഓര്‍മിപ്പിച്ചു.

സംസ്ഥാനത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ കേരളത്തില്‍ പ്രതിഷേധിക്കാം. എന്നാല്‍ ദേശീയ തലത്തില്‍ സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചതിനെ എതിര്‍ക്കേണ്ടതില്ലെന്ന് സോണിയാ ഗാന്ധി കേരള എംപിമാരോട് പറഞ്ഞു. ലിംഗസമത്വത്തിനും സ്ത്രീകളുടെ അവകാശങ്ങള്‍ക്കും ഒപ്പമാണ് കോണ്‍ഗ്രസിന്റെ നിലപാട്.

അതിനാല്‍ കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധിക്കുന്നത് കോണ്‍ഗ്രസ് നിലപാടിന് എതിരാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. കേരളത്തില്‍നിന്നും കോണ്‍ഗ്രസിന് ഏഴ് എംപിമാരാണുള്ളത്. അതേസമയം റിപ്പോര്‍ട്ട് തള്ളി കൊടിക്കുന്നില്‍ സുരേഷ് എം പി രംഗത്തെത്തി.

ശബരിമല വിഷയത്തില്‍ എം പിമാരെ ശാസിച്ചിട്ടില്ല. വിഷയത്തില്‍ ദേശീയസംസ്ഥാന നേതൃത്വങ്ങളുടെ നിലപാട് വ്യത്യസ്തമാണെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. ശബരിമല വിഷയത്തില്‍ കേന്ദ്രം നിയമം കൊണ്ട് വരികയാണ് വേണ്ടതെന്നും കൊടിക്കുന്നില്‍ സുരേഷ് കൂട്ടിച്ചേര്‍ത്തു.