കേന്ദ്രസര്‍ക്കാരും കയ്യൊഴിഞ്ഞു; ടി.പി. സെന്‍കുമാറിന് തിരിച്ചടി

single-img
4 January 2019

കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ നിയമനത്തില്‍ മുന്‍ ഡിജിപി ടി.പി.സെന്‍കുമാറിനെ കയ്യൊഴിഞ്ഞ് കേന്ദ്രസര്‍ക്കാര്‍. സെന്‍കുമാറിന്റെ നിയമനത്തില്‍ തീരുമാനം എടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ നിയമനത്തിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സെന്‍കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം. സെന്‍കുമാറിന്റെ നിയമനകാര്യത്തില്‍ പരിമിതമായ അധികാരം മാത്രമാണ് കേന്ദ്രസര്‍ക്കാരിനുള്ളത്.

അദ്ദേഹത്തിന്റെ നിയമനം വൈകിപ്പിക്കുന്നതു സംസ്ഥാന സര്‍ക്കാരാണ്. നിയമനം നല്‍കണമെന്നുള്ള നിര്‍ദേശം കേരള സര്‍ക്കാരില്‍നിന്നു ലഭിച്ചിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. സെന്‍കുമാറിനെതിരെ ക്രിമിനല്‍ കേസ് ഉള്‍പ്പടെ ഉണ്ടെന്നായിരുന്നു സംസ്ഥാന സര്‍ക്കാറിന്റെ എതിര്‍പ്പില്‍ പറഞ്ഞിരുന്നത്.

ഇതിന്റെ വിശദവിവരങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടു സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അയച്ച കത്തിനു സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്നും കേന്ദ്രം കോടതിയെ അറിയിച്ചിട്ടുണ്ട്.

അതേസമയം, ടി.പി. സെന്‍കുമാറിനെ എതിര്‍കക്ഷിയാക്കി നമ്പി നാരായണന്‍ നല്‍കിയ നഷ്ടപരിഹാരക്കേസ് സബ്‌കോടതിയുടെ പരിഗണനയിലാണെന്നു സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ നവംബറില്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നമ്പി നാരായണന്‍ തിരുവനന്തപുരം സബ്‌കോടതിയില്‍ നല്‍കിയ നഷ്ടപരിഹാരക്കേസില്‍ സെന്‍കുമാര്‍ 7ാം എതിര്‍കക്ഷിയാണ്.