ശ്രീലങ്കന്‍ സ്വദേശിനി ദര്‍ശനം നടത്തിയെന്ന് പൊലീസ്; ദൃശ്യങ്ങള്‍ പുറത്ത്

single-img
4 January 2019

ശ്രീലങ്കന്‍ സ്വദേശിനി ശബരിമല സന്നിധാനത്തെത്തി ദര്‍ശനം നടത്തിയെന്ന് പൊലീസ് സ്ഥിരീകരണം. ശ്രീലങ്കന്‍ സ്വദേശിനി ശശികല (46) ആണ് വ്യാഴാഴ്ച രാത്രി 9.30 ഓടെ ദര്‍ശനം നടത്തി മടങ്ങിയതെന്ന് ദൃശ്യങ്ങള്‍ പുറത്തുവിട്ട് പൊലീസ് വിശദീകരിച്ചു. ഭര്‍ത്താവ് അശോക കുമാരനും മകനുമൊപ്പമാണ് ശശികല എത്തിയത്.

ശശികലയുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് ദര്‍ശനം നടത്തിയില്ലെന്ന തരത്തില്‍ പ്രചരണം നടത്തിയതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. നേരത്തെ ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക്, ഇവര്‍ക്കെതിരെ പ്രതിഷേധമുണ്ടായപ്പോള്‍ തിരിച്ചിറക്കി എന്ന് മാത്രമാണ് പൊലീസ് മറുപടി നല്‍കിയിരുന്നത്.

താന്‍ പതിനെട്ടാം പടിക്കരികിലെത്തിയിട്ടും പൊലീസ് ദര്‍ശനാനുമതി നിഷേധിച്ചെന്നാണു രാവിലെ ശശികല മാധ്യമങ്ങളോടു പറഞ്ഞിരുന്നത്. എന്നാലിത് സുരക്ഷ മുന്‍നിര്‍ത്തി പൊലീസ് നിര്‍ദേശപ്രകാരമാണെന്നാണു സൂചന. ഭര്‍ത്താവിനൊപ്പം മലയിറങ്ങാതിരുന്നതും ഇതിന്റെ ഭാഗമായിട്ടാണ്.

അതേസമയം, തന്റെ ഗര്‍ഭപാത്രം നീക്കം ചെയ്തതാണെന്നും 41 ദിവസത്തെ വ്രതമെടുത്ത് മലകയറുന്നതില്‍ തെറ്റില്ലെന്നും ശശികല പറഞ്ഞു. ഇതു തെളിയിക്കുന്നതിനായി മെഡിക്കല്‍ സര്‍ട്ടിഫിക്കേറ്റ് കയ്യിലുണ്ടെന്നും അവര്‍ വ്യക്തമാക്കി.

അതേസമയം, ശ്രീലങ്കന്‍ സ്വദേശിനി ദര്‍ശനം നടത്തിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജനാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിശ്വാസികളായ സംഘം പതിനെട്ടാംപടി വഴി സന്നിധാനത്ത് എത്തുകയും ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്നുവെന്നും ജയരാജന്‍ പറഞ്ഞു.

ഇന്നലെ രാത്രിയാണ് ശബരിമലയില്‍ നാടകീയ നീക്കങ്ങള്‍ നടന്നത്. ശ്രീലങ്കയില്‍ നിന്നുള്ള തീര്‍ഥാടക ശശികല, ഭര്‍ത്താവിനും മകനും മറ്റൊരാള്‍ക്കുമൊപ്പമാണ് ദര്‍ശനത്തിനെത്തിയത്. പമ്പയിലെത്തിയ സംഘം പൊലീസിന്റെ അറിവോടെ സന്നിധാനത്തേക്ക് തിരിച്ചു.

പത്ത് മണിയോടെ സന്നിധാനത്തെത്തിയ സംഘം ലക്ഷ്യത്തിന് മുമ്പ് വഴിപിരിഞ്ഞു. ഇതിനിടെ ശ്രീലങ്കന്‍ യുവതി ദര്‍ശനം നടത്തിയെന്ന അഭ്യൂഹം പരന്നു. എന്നാല്‍ ശശികല ദര്‍ശനം നടത്തിയിട്ടില്ലെന്നും ശരംകുത്തിവരെ എത്തിയപ്പോള്‍ പ്രതിഷേധം ഭയന്ന് മടങ്ങിയതായും ഭര്‍ത്താവ് അശോക് കുമാരന്‍ സന്നിധാനത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

തുടര്‍ന്ന് പോലീസിന്റെ സംരക്ഷണയില്‍ ഭര്‍ത്താവും മകനും മലയിറങ്ങി. എന്നാല്‍ ശശികല എവിടെയുണ്ടെന്ന് പ്രതികരിക്കാന്‍ ഇയാള്‍ തയാറായില്ല. മലയിറങ്ങി ഇവര്‍ പമ്പയിലെ പൊലീസ് ഔട്ട് പോസ്റ്റില്‍ വിശ്രമത്തിനിരുന്നു. തൊട്ടു പിന്നാലെ മാധ്യമങ്ങളുടെ കണ്ണില്‍ പെടാതെ ശശികലയും പമ്പയിലെത്തി. മുഖം മറച്ച് പമ്പ കടക്കാനൊരുങ്ങിയ ശശികലയെ മാധ്യമ പ്രവര്‍ത്തകര്‍ തിരിച്ചറിഞ്ഞു.

പ്രതികരണമാരാഞ്ഞ മാധ്യമങ്ങളോട് പൊട്ടിത്തെറിച്ചു. പതിനെട്ടാം പടിക്ക് സമീപമെത്തിയ തനിക്ക് പൊലീസ് ദര്‍ശനാനുമതി നിഷേധിച്ചുവെന്നായിരുന്നു ആരോപണം. പോലീസിന് നല്‍കിയ രേഖകളില്‍ ശശികലക്ക് 46 വയസ്സാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒടുവില്‍ ശശികലയും കുടുംബവും കനത്ത പൊലീസ് സുരക്ഷയിലാണ് മടങ്ങിയത്.