‘ബഹിരാകാശത്ത് പോകാമെങ്കില്‍ പിന്നെ എന്തുകൊണ്ട് ക്ഷേത്രത്തില്‍ കയറിക്കൂടാ’; ബി.ജെ.പി നിലപാട് തള്ളി കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്‍

single-img
4 January 2019

ശബരിമലയിലെ യുവതി പ്രവേശനം, അയോധ്യയിലെ രാമക്ഷേത്രനിര്‍മാണം എന്നീ വിഷയങ്ങളില്‍ ബി.ജെ.പിയോട് വിയോജിച്ച് കേന്ദ്രമന്ത്രിയും എല്‍.ജെ.പി നേതാവുമായ രാം വിലാസ് പാസ്വാന്‍. സ്ത്രീകള്‍ ബഹിരാകാശത്ത് വരെ പോകുമ്പോള്‍ ശബരിമല ദര്‍ശനം നടത്തുന്നത് തടയുന്നതില്‍ ഒരു ന്യായീകരണവുമില്ലെന്ന് അദ്ദേഹം പറഞ്ഞു.

ബേഠി ബചാവോ ബേഠി പഠാവോ എന്ന് പറയുന്ന കാലത്ത് ക്ഷേത്രത്തില്‍ സ്ത്രീകള്‍ പ്രവേശിക്കാന്‍ പാടില്ലെന്ന് എങ്ങനെ പറയും?. ലിംഗപരമായ ഒരു വിവേചനവും പാടില്ല. ബി.ജെ.പി യുവതികളുടെ ശബരിമല പ്രവേശനത്തെ എതിര്‍ത്തിട്ടുണ്ടാകാം, എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതി വിധിക്കെതിരെ നിലപാടെടുത്തിട്ടില്ലെന്നും രാംവിലാസ് പാസ്വാന്‍ വ്യക്തമാക്കി.

അയോധ്യയില്‍ സുപ്രീംകോടതി വിധി എന്തുതന്നെയായാലും അത് അംഗീകരിക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തയ്യാറാകണമെന്ന് പാസ്വാന്‍ ആവശ്യപ്പെട്ടു. വിധിയെ മറികടക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന ആവശ്യവും അദ്ദേഹം തള്ളി. കോടതിവിധിക്കായി കാത്തിരിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയോടെ കാര്യങ്ങള്‍ വ്യക്തമാണെന്നും പാസ്വാന്‍ വിശദീകരിച്ചു.