ഋഷഭ് പന്ത് 159, പൂജാര 193, ജഡേജ 81…; ഓസീസിനു മുന്നില്‍ റണ്‍മല തീര്‍ത്ത് ഇന്ത്യ

single-img
4 January 2019

ഓസ്‌ട്രേലിയക്കെതിരെ നാലാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. ചേതേശ്വര്‍ പൂജാരയുടെയും (193), ഋഷഭ് പന്തിന്റെയും (159) സെഞ്ചുറി കരുത്തില്‍ ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ ഏഴിന് 622 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു.

ഏഴാം വിക്കറ്റില്‍ ഇരട്ടസെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത പന്ത്–ജഡേജ സഖ്യത്തിന്റെ കരുത്തില്‍ 600 റണ്‍സ് പിന്നിട്ട ഇന്ത്യ, ജഡേജ പുറത്തായതിനു പിന്നാലെ ഏഴിന് 622 റണ്‍സ് എന്ന നിലയില്‍ ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. ഓസ്‌ട്രേലിയയ്‌ക്കെതിരെ തന്റെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ കണ്ടെത്തിയാണ് ജഡേജ (81) പുറത്തായത്.

ടെസ്റ്റിലെ ഉയര്‍ന്ന സ്‌കോര്‍ കണ്ടെത്തിയ ഋഷഭ് പന്ത് 159 റണ്‍സുമായി പുറത്താകാതെ നിന്നു. നേരത്തെ മായങ്ക് അഗര്‍വാളും (77), ഹനുമ വിഹാരി (42)യും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഓസീസിന് വേണ്ടി നഥാന്‍ ലിയോണ്‍ മൂന്നും ജോഷ് ഹേസല്‍വുഡ് രണ്ടും വിക്കറ്റ് നേടി.

373 പന്തുകള്‍ നേരിട്ട പൂജാര 22 ബൗണ്ടറി സഹിതം 193 റണ്‍സെടുത്താണ് കൂടാരം കയറിയത്. വിഹാരി 96 പന്തില്‍ അഞ്ചു ബൗണ്ടറിയോടെ 42 റണ്‍സെടുത്തു. നേഥന്‍ ലയണാണ് രണ്ടാം ദിനം ഇന്ത്യയ്ക്ക് നഷ്ടമായ മൂന്നു വിക്കറ്റും പോക്കറ്റിലാക്കിയത്. 189 പന്തുകള്‍ നേരിട്ട പന്ത് 15 ബൗണ്ടറിയും ഒരു സിക്‌സും സഹിതമാണ് പന്ത് 159 റണ്‍സെടുത്തത്.

114 പന്തുകള്‍ നേരിട്ട ജഡേജ ഏഴു ബൗണ്ടറിയും ഒരു സിക്‌സും കണ്ടെത്തി. ഏഴാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 204 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഓസ്‌ട്രേലിയന്‍ മണ്ണില്‍ സന്ദര്‍ശക ടീമിന്റെ വിക്കറ്റ് കീപ്പറുടെ രണ്ടാമത്തെ ഉയര്‍ന്ന സ്‌കോറാണ് പന്തിന്റേത്. 169 റണ്‍സ് നേടിയ ദക്ഷിണാഫ്രിക്കയുടെ എ.ബി. ഡിവില്ലിയേഴ്‌സാണ് ഒന്നാമത്. ഓസീസ് മണ്ണില്‍ ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറും പന്താണ്.

മികച്ച വ്യക്തിഗത പ്രകടനങ്ങള്‍ക്കൊപ്പം തകര്‍പ്പന്‍ കൂട്ടുകെട്ടുകളും തീര്‍ത്താണ് ഓസീസിനെതിരെ ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ ഉറപ്പാക്കിയത്. ഓപ്പണിങ് വിക്കറ്റിലൊഴികെ ബാക്കി ആറു വിക്കറ്റുകളിലും ഇന്ത്യ മികച്ച കൂട്ടുകെട്ടു തീര്‍ത്തു. നാലാം വിക്കറ്റില്‍ പൂജാര–രഹാനെ സഖ്യം കൂട്ടിച്ചേര്‍ത്ത 48 റണ്‍സ് മാറ്റിനിര്‍ത്തിയാല്‍ ബാക്കി അഞ്ചെണ്ണത്തിലും കൂട്ടുകെട്ടുകള്‍ 50 പിന്നിട്ടു.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് രണ്ടാം ഓവറില്‍ തന്നെ കെ.എല്‍ രാഹുലിനെ നഷ്ടമായി. രോഹിത് ശര്‍മ്മക്ക് പകരം ടീമിലെത്തിയ രാഹുലിനെ ഹെയ്‌സെല്‍വുഡ് ഷോണ്‍ മാര്‍ഷിന്റെ കൈകളിലെത്തിക്കുകയായിരുന്നു. ആറു പന്തില്‍ രണ്ട് ഫോറടക്കം ഒമ്പത് റണ്‍സായിരുന്നു രാഹുലിന്റെ സമ്പാദ്യം. പിന്നീട് രണ്ടാം വിക്കറ്റില്‍ പൂജാരയ്‌ക്കൊപ്പം ചേര്‍ന്ന് മായങ്ക് അഗര്‍വാള്‍ 116 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 77 റണ്‍സെടുത്ത് നില്‍ക്കെ മായങ്കിനെ പുറത്താക്കി നഥാന്‍ ലിയോണ്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. 112 പന്തില്‍ ഏഴു ഫോറും രണ്ട് സിക്‌സും മായങ്ക് നേടി.

വിരാട് കോലി മൂന്നാമനായി പുറത്താകുമ്പോള്‍ ഇന്ത്യയുടെ സ്‌കോര്‍ 180. 59 പന്തില്‍ നാല് ഫോറിന്റെ അകമ്പടിയോടെ 23 റണ്‍സാണ് കോലിയുടെ സംഭാവന. ഹെയ്‌സെല്‍വുഡിന്റെ പന്തില്‍ ടിം പെയ്ന്‍ ക്യാച്ചെടുത്ത് കോലി പുറത്താകുകയായിരുന്നു. രഹാനെയ്ക്കും അധികം ആയുസുണ്ടായിരുന്നില്ല. 55 പന്തില്‍ 18 റണ്‍സായിരുന്നു സമ്പാദ്യം. സ്റ്റാര്‍ക്കിന്റെ പന്തില്‍ പെയ്‌നിന് ക്യാച്ച് നല്‍കി രഹാനെ ക്രീസ് വിട്ടു.

സിഡ്‌നിയില്‍ വിജയിച്ചാല്‍ ഇന്ത്യക്ക് ഓസ്‌ട്രേലിയന്‍ മണ്ണില്‍ ആദ്യ ടെസ്റ്റ് പരമ്പരയെന്ന ചരിത്രനേട്ടം സ്വന്തമാക്കാം. മത്സരം സമനിലയിലാവുകയാണെങ്കിലും 14 വര്‍ഷത്തിന് ശേഷം ഓസീസ് മണ്ണില്‍ ബോര്‍ഡര്‍ഗവാസ്‌ക്കര്‍ ട്രോഫി ഇന്ത്യക്ക് നേടാം. പരമ്പരയില്‍ 2-1ന് മുന്നിലാണ് ഇന്ത്യ. അഡ്‌ലെയ്ഡിലും മെല്‍ബണിലും ഇന്ത്യ വിജയിച്ചപ്പോള്‍ പെര്‍ത്തില്‍ വിജയം ഓസീസിനൊപ്പം നിന്നു.