ഹര്‍ത്താല്‍ അക്രമങ്ങളില്‍ 5000 പേര്‍ക്കെതിരെ കേസ്; ജാമ്യം കിട്ടണമെങ്കില്‍ നഷ്ടപരിഹാരം കെട്ടിവെക്കണം; സ്വത്തുവകകളില്‍നിന്ന് നഷ്ടം ഈടാക്കാന്‍ നീക്കം

single-img
4 January 2019

ശബരിമല വിഷയത്തില്‍ വ്യാഴാഴ്ച കേരളത്തില്‍ നടന്ന ഹര്‍ത്താലിലുണ്ടായ വ്യാപകമായ അക്രമ സംഭവങ്ങളില്‍ ഡിജിപി റിപ്പോര്‍ട്ട് തേടി. ജില്ലാ പോലീസ് മേധാവികളോടാണ് ഡിജിപി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. അക്രമ സംഭവങ്ങളില്‍ പൊലീസ് മേധാവിമാരെ ഡി.ജി.പി ശാസിച്ചു.

അക്രമികളെ അറസ്റ്റ് ചെയ്യണമെന്ന നിര്‍ദേശം പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജില്ലാ പൊലീസ് മേധാവിമാരെ താക്കീത് ചെയ്തത്. വീഴ്ച തുടര്‍ന്നാല്‍ ശക്തമായ നടപടിയുണ്ടാകുമെന്നും ഡി.ജി.പി മുന്നറിയിപ്പ് നല്‍കി. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിട്ടും പോലീസ് വിന്യാസം കാര്യക്ഷമമായില്ല എന്ന് ആക്ഷേപമുണ്ട്.

വിഷയത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ് വേണ്ടത്ര മുന്‍കരുതലുകള്‍ സ്വീകരിച്ചില്ല എന്നതും വീഴ്ചയായി. ഇക്കാര്യങ്ങളിലുള്ള അതൃപ്തിയാണ് ഡിജിപി അറിയിച്ചിട്ടുള്ളത്. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് എഴുനൂറിലധികം കേസുകള്‍ ഇതിനകം എടുത്തിട്ടുണ്ട്.

750 ഓളം ആളുകളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കൂടുതല്‍ അറസ്റ്റുകള്‍ തുടര്‍ ദിവസങ്ങളില്‍ ഉണ്ടാകും. ഇതു സംബന്ധിച്ച നടപടികള്‍ വേഗത്തിലാക്കാനും ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിനിടെ, അറസ്റ്റിലായവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്ന നടപടികളുമായി പോലീസ്. പൊതുമുതല്‍ നശീകരണം തടയല്‍ നിയമപ്രകാരം രജിസ്റ്റര്‍ചെയ്ത കേസുകളില്‍ നഷ്ടപരിഹാരം കെട്ടിവച്ചാലേ അറസ്റ്റിലായവര്‍ക്ക് ജാമ്യം ലഭിക്കൂ.

ഈ സാഹചര്യത്തിലാണ് ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നതിനുള്ള നടപടിയിലേക്ക് പോലീസ് നീങ്ങുന്നത്. ഇതിനുപുറമേ സ്വത്തുവകകളില്‍നിന്ന് നഷ്ടം ഈടാക്കും. പൊതുമുതല്‍ നാശിപ്പിച്ചതിന്റെ കണക്ക് ശേഖരിക്കാനും പൊലീസ് തീരുമാനിച്ചു.