തൃശൂരിൽ 4 ബിജെപി പ്രവർത്തകർക്കു വെട്ടേറ്റു; നിലയ്ക്കലിൽ ആന്ധ്രക്കാരുടെ ബസ് തമിഴ്നാട്ടുകാർ തകർത്തു

single-img
3 January 2019

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെതിരെ സംഘ്പരിവാര്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാനത്തെമ്പാടും വ്യാപക അക്രമം. കോഴിക്കോട് മിഠായിത്തെരുവില്‍ അക്രമികള്‍ അഴിഞ്ഞാടി. വ്യാപാര സ്ഥാപനങ്ങള്‍ക്കും കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്കും നേരെ കല്ലേറുണ്ടായി. പാലക്കാട്ട് വായനശാലക്ക് തീയിട്ടു. മാധ്യമപ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച് ആക്രമിച്ചു. ആലുവയില്‍ പ്രതിഷേധക്കാരും വ്യാപാരികളും തമ്മില്‍ ഏറ്റുമുട്ടി.

തൃശൂര്‍ വാടാനപ്പള്ളിയില്‍ ഹര്‍ത്താലിനിടെ  നാലു ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഗണേശമംഗലത്ത് ബിജെപി- എസ്ഡിപിഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് വെട്ടേറ്റത്.  സുജിത്ത് , ശ്രീജിത്ത്, രതീഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ശബരിമല കര്‍മസമിതിയുടെ ഹര്‍ത്താലില്‍ സംസ്ഥാനത്ത് വ്യാപക അക്രമം നടക്കുകയാണ്.

ശബരിമല ദര്‍ശനത്തിനെത്തിയ ആന്ധ്രപ്രദേശ് സ്വദേശികളുടെ ബസിന്റെ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു. നിലയ്ക്കല്‍ പാര്‍ക്കിങ്ങിലാണ് സംഭവം. ബസില്‍ യുവതികളായ സ്ത്രീകളുണ്ടായിരുന്നതാണ് സംഘര്‍ഷത്തിന് കാരണമായത്. തമിഴ്‌നാട് സ്വദേശികളാണ് വാഹനം എറിഞ്ഞു തകര്‍ത്തത്.

പാര്‍ക്കിങ്ങിനായി എത്തിയ ബസില്‍ യുവതികളെ കണ്ടതോടുകൂടെ തമിഴ്‌നാട് സ്വദേശികളായ പ്രതിഷേധക്കാര്‍ വാഹനം തടയുകയും അവരുമായി വാക്കേറ്റം ഉണ്ടാവുകയുമായിരുന്നു. ഇതിനിടെയാണ് വാഹനത്തിന്റെ ചില്ലിന് നേരെ കല്ലേറുണ്ടായത്.

തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. തങ്ങള്‍ ദര്‍ശനത്തിന് എത്തിയതല്ലെന്നും കൂടെയുള്ള ദര്‍ശനം നടത്തുമ്പോള്‍ തങ്ങള്‍ നിലയ്ക്കലില്‍ തുടരുമെന്നും യുവതികള്‍ വ്യക്തമാക്കിയതോടെ പ്രതിഷേധക്കാര്‍ പിന്‍വലിഞ്ഞു. വാഹനം അക്രമിച്ച വിഷയത്തില്‍ പോലീസ് കണ്ടാല്‍ അറിയുന്ന തമിഴ്‌നാട് സ്വദേശികള്‍ക്കെതിരെ കേസ്സെടുത്തിട്ടുണ്ട്.

കര്‍മസമിതി കോഴിക്കോട്ടും പാലക്കാട്ടും തൃശൂരും നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി.  കോഴിക്കോട് മിഠായിത്തെരുവില്‍ തുറന്ന കടകള്‍ അടപ്പിക്കാന്‍  കര്‍മസമിതി പ്രവര്‍ത്തകര്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് വഴിവെച്ചത്.  തൃശൂരില്‍ കടകള്‍ തുറക്കാനെത്തിയവരെ കര്‍മസമിതി തടഞ്ഞു. സ്വരാജ് റൗണ്ടിന് സമീപം ഏറെ നേരം സംഘര്‍ഷം നീണ്ടു.  പാലക്കാട്ട് വിക്ടോറിയ കോളജിനുസമീപം കര്‍മസമിതിയുടെ മാര്‍ച്ച് എത്തിയപ്പോള്‍ കല്ലേറുണ്ടായി. 

സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസിന് സമീപത്തുണ്ടായിരുന്ന സിപിഎം.– ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരും കര്‍മസമിതി പ്രവര്‍ത്തകരും പരസ്പരം കല്ലേറിഞ്ഞു. മാധ്യമപ്രവര്‍ത്തര്‍ അടക്കമുളളവര്‍ക്ക് പരുക്കേറ്റു.  ഒറ്റപ്പാലത്ത്  പൊലീസും കര്‍മസമിതി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. പ്രതിഷേധക്കാര്‍ പൊലീസ് ജീപ്പ് തകര്‍ത്തു.  അഞ്ച് പൊലീസുകാര്‍ക്ക് പരുക്കേറ്റു.

പൊന്നാനിയിലും  പെരുമ്പാവൂരിലും കര്‍മസമിതി പ്രവര്‍ത്തകരും  പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. മലപ്പുറം വാഴയൂര്‍ കാരാട് ഹര്‍ത്താല്‍ അനുകൂലികളുടെ കല്ലേറില്‍  എസ്.ഐയ്ക്കും എ.എസ്.ഐക്കും പരുക്കേറ്റു. കായംകുളത്തും കര്‍മസമിതിയുടെ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു

 സുപ്രീം കോടതി വിധിയെ വെല്ലുവിളിച്ചാണ് ഇന്നത്തെ ഹര്‍ത്താലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു‍.  ഹര്‍ത്താലില്‍ അക്രമിക്കപ്പെട്ടവര്‍ ഏറെയും സ്ത്രീകളാണ്.  31 പൊലീസുകാര്‍ക്ക് പരുക്കേറ്റു. 79കെഎസ്ആര്‍ടിസി ബസുകള്‍ തകര്‍ത്തെന്നും  മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും അക്രമം ഉണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം ഓഫീസുകള്‍ക്ക് നേരെ വ്യാപക അക്രമമെന്നും  പിണറായി വിജയന്‍ തിരുവനന്തപുരത്ത് പറഞ്ഞു