തന്ത്രിക്കെതിരായ കോടതിയലക്ഷ്യം സുപ്രീംകോടതി പരിഗണിച്ചില്ല; ‘ജനുവരി 22 ന് മുമ്പ് ശബരിമല വിഷയത്തിലെ ഒരു ഹര്‍ജിയും കേള്‍ക്കില്ല’

single-img
3 January 2019

ശബരിമല തന്ത്രിക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജി അടിയന്തിരമായി പരിഗണിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. സ്ത്രീപ്രവേശവിധി നടപ്പാക്കുന്നതിന് തടസ്സംനിന്നുവെന്ന ഹര്‍ജിക്കൊപ്പം, യുവതികള്‍ പ്രവേശിച്ചതിനെത്തുടര്‍ന്ന് നടയടച്ചത് കോടതിയലക്ഷ്യമാണെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം.

എന്നാൽ ഭരണഘടന ബഞ്ച് അടിക്കടി സംഘടിപ്പിക്കാനും പുനസംഘടിപ്പിക്കാനും ആകില്ലെന്നായിരുന്നു ചീഫ് ജസ്റ്റിസ് ഹര്‍ജിക്കാരെ അറിയിച്ചത്. മാത്രമല്ല ജനുവരി 22ന് കേസ് പരിഗണിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും അന്ന് ചേരുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. അതിന് മുമ്പ് ശബരിമലക്കേസ് കേൾക്കാനാകില്ലെന്നും സുപ്രീംകോടതി അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കി.

തന്ത്രിക്ക് എതിരായ കോടതിയലക്ഷ്യ ഹർജി അടിയന്തരമായി പരിഗണിക്കില്ലെന്നും കോടതി വ്യക്തമാക്കി. ഹർജി വേഗത്തിൽ പരിഗണിക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് തള്ളുകയായിരുന്നു. ഇന്നലെ യുവതികള്‍ കയറിയ ശേഷം നടഅടച്ചു ശുദ്ധിക്രിയ നടത്തിയ കാര്യം അഭിഭാഷകന്‍ പരമാര്‍ശിച്ചെങ്കിലും കോടതി മറുപടി നല്‍കിയില്ല.

കോടതി അലക്ഷ്യമൊന്നും നടന്നിട്ടില്ലെന്ന് അയ്യപ്പ ഭക്തര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വി കെ ബിജു അറിയിച്ചു. കേരളത്തില്‍ ഹര്‍ത്താല്‍ ആണെന്ന് സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ പ്രകാശ് കോടതിയില്‍ ചൂണ്ടിക്കാട്ടി.കോടതി പ്രകാശിന്റെ വാദം കേള്‍ക്കാന്‍ തയ്യാറായില്ല.

ശബരിമല തന്ത്രി കണ്ഠര് രാജീവര്, പന്തളം കൊട്ടാരത്തിലെ പി. രാമവര്‍മ രാജ എന്നിവര്‍ക്കെതിരേ എ.വി. വര്‍ഷയും ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ള, ബി.ജെ.പി. നേതാവ് മുരളീധരന്‍ ഉണ്ണിത്താന്‍, നടന്‍ കൊല്ലം തുളസി എന്നിവര്‍ക്കെതിരേ ഗീനാ കുമാരിയുമാണ് കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്.

അതേസമയം നടയടച്ച് ശുദ്ധിക്രിയ നടത്തിയ സംഭവത്തില്‍ തന്ത്രിയോട് ദേവസ്വം ബോര്‍ഡ് വിശദീകരണം ആവശ്യപ്പെടുന്ന കാര്യത്തില്‍ ദേവസ്വം ബോര്‍ഡില്‍ ആശയക്കുഴപ്പം തുടരുന്നു. വിശദീകരണം തേടുമെന്നു ദേവസ്വം കമ്മിഷണറും അതു സംബന്ധിച്ച് തീരുമാനമെടുമെടുത്തിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ വ്യക്തമാക്കി. തന്ത്രിക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കുമെന്ന് ദേവസ്വം കമ്മിഷണര്‍ എന്‍. വാസു പറഞ്ഞു.

അതേസമയം ദേവഹിതത്തിനു വിപരീതമായി ആചാരലംഘനം നടത്തിച്ചവര്‍ ആരായാലും അനുഭവിക്കുമെന്നു തന്ത്രി കണ്ഠര് രാജീവര്. നടയടച്ചു ശുദ്ധി നടത്തേണ്ടി വരുമ്പോള്‍ ഭക്തര്‍ക്ക് ഉണ്ടാകാവുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ഒരു മണിക്കൂര്‍ കൊണ്ട് എല്ലാം പൂര്‍ത്തിയാക്കിയത്. ഇടയ്ക്കു നിര്‍ത്തിവച്ച നെയ്യഭിഷേകം പുനരാരംഭിച്ചു. പഞ്ചപുണ്യാഹവും ബിംബശുദ്ധിയുമാണു നടത്തിയത്. ക്ഷേത്രാചാരങ്ങള്‍ കാത്തുസൂക്ഷിക്കേണ്ടതു തന്ത്രിയുടെ കടമയാണ്. ആ ജോലി നിര്‍വഹിച്ചു. രാത്രിയില്‍ വന്നു മോഷ്ടിക്കുന്നതു ധീരതയല്ലെന്നും അദ്ദേഹം പറഞ്ഞു..