തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് ക്രൂര മര്‍ദ്ദനം; റിപ്പോര്‍ട്ടിങ് നിര്‍ത്തിവെച്ചു

single-img
3 January 2019

ഹര്‍ത്താലിനിടെ ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധമാര്‍ച്ചിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും അക്രമം. സെക്രട്ടേറിയറ്റിന് സമീപം നടന്ന മാര്‍ച്ചിനിടെയാണ് സംഘര്‍ഷമുണ്ടായത് . ഏഷ്യാനെറ്റിന്റെയും മനോരമയുടെയും ക്യാമറാ മാന്‍മാര്‍ക്ക് ക്രൂരമായ മര്‍ദ്ദനമേറ്റു.

അണികളാണ് അക്രമം നടത്തുന്നതെന്നും തങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്നുമുള്ള നിലപാടാണ് നേതാക്കള്‍ സ്വീകരിച്ചത്. തുടര്‍ന്നാണ് അക്രമികളില്‍നിന്ന് സംരക്ഷണം ലഭിക്കുന്നില്ലെന്ന് ആരോപിച്ച് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍നിന്ന് മാധ്യമപ്രവര്‍ത്തകര്‍ പിന്‍മാറിയത്. ശബരിമല കര്‍മസമിതിയുടെ സമരവുമായി ബന്ധപ്പെട്ട വാര്‍ത്തകളൊന്നും നല്‍കേണ്ടെന്നാണ് തീരുമാനം.

പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെയാണ് പ്രകടനക്കാര്‍ തിരിഞ്ഞത്. തിരുവനന്തപുരം പുളിമൂട് ജംഗ്ഷനടുത്ത് വച്ച് മാർച്ച് നടത്തുന്ന ബിജെപി പ്രവർത്തകർക്ക് നേരെ കല്ലേറുണ്ടായെന്ന് ആരോപിച്ച് പ്രവർത്തകർ അക്രമം അഴിച്ചുവിടുകയായിരുന്നു. സ്ഥലത്തുള്ള പന്തലുകളും ഫ്ലക്സുകളും തല്ലിത്തകർക്കുന്ന ദൃശ്യങ്ങളെടുക്കവെയാണ് പ്രവർത്തകർ മാധ്യമപ്രവർത്തകർക്ക് നേരെ തിരിഞ്ഞത്.

നഗരത്തില്‍ വിവിധയിടങ്ങളില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധം തുടരുകയാണ്. സംസ്ഥാനത്ത് മിക്കയിടങ്ങളിലും ഹര്‍ത്താലുമായി ബന്ധപ്പെട്ട് അക്രമങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുണ്ട്.  ആലപ്പുഴ, കാസര്‍കോട്, തിരുവനന്തപുരം ജില്ലകളിലാണ് കൂടുതല്‍ അക്രമങ്ങളും റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ 31ഓളം പൊലീസുകാര്‍ക്കും അക്രമങ്ങള്‍ക്കിടെ പരിക്കേറ്റിട്ടുണ്ട്.

ഇന്നലെയും വനിതകള്‍ അടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ കടുത്ത ആക്രമണം നടന്നിരുന്നു. ഇന്നലെ മാതൃഭൂമിയുടെ അടക്കം കാമറകള്‍ തകര്‍ക്കപ്പെടുകയും ചെയ്തിരുന്നു. ഇന്ന് അതേ സാഹചര്യം ആവര്‍ത്തിച്ചപ്പോഴാണ് വാര്‍ത്ത നല്‍കുന്നതില്‍നിന്ന് പിന്‍വാങ്ങാന്‍ മാധ്യമപ്രവര്‍ത്തകര്‍ തീരുമാനിച്ചത്.