ഗതാഗത കുരുക്കില്‍ ആംബുലന്‍സിന് വഴികാട്ടിയ ആ സിവില്‍ പൊലീസ് ഓഫീസര്‍ ഇനി ‘സിനിമാ നടന്‍’

single-img
3 January 2019

ഗതാഗത കുരുക്കില്‍ മുന്നോട്ട് പോകാനാവാതെ ബുദ്ധിമുട്ടിയ ആംബുലന്‍സിന് വഴികാട്ടിയ സിവില്‍ പൊലീസ് ഓഫീസര്‍ രഞ്ജിത്ത് കുമാര്‍ സിനിമയിലേക്ക്. ഉട്യോപ്യയിലെ രാജാവ്, ആടുപുലിയാട്ടം, തോപ്പില്‍ ജോപ്പന്‍, കുട്ടനാടന്‍ മാര്‍പ്പാപ്പ സിനിമകളുടെ നിര്‍മ്മാതാവ് നൗഷാദ് ആലത്തൂര്‍ സംവിധാനം ചെയ്യുന്ന ‘വൈറല്‍ 2019’ലൂടെയാണ് രഞ്ജിത്ത് വെള്ളിത്തിരയിലേക്കെത്തുന്നത്.

ആംബുലന്‍സിന്റെ മുന്നില്‍ വഴികാണിച്ച്‌ ഓടുന്ന രഞ്ജിത്ത് കുമാറിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടിയിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിയ ഹനാന്‍ അടക്കമുള്ളവരാണ് സിനിമയുടെ ഭൂരിഭാഗം അഭിനേതാക്കളും. നൗഷാദിനെ കൂടാതെ സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിയ എട്ടോളം സംവിധായകരും സിനിമയുടെ ഭാഗമാകും. ആംബുലന്‍സ് സംഭവം ഒട്ടും പ്രതീക്ഷിക്കാതെ നടന്നതാണെന്ന് രഞ്ജിത്ത് കുമാര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

കോട്ടയത്ത് ഗതാഗത കുരുക്കില്‍ നിന്നും ആംബുലന്സിനെ കടത്തി വിടാന്‍ 500 മീറ്ററില്‍ അധികം ഓടേണ്ടി വന്നിട്ടുണ്ട്. ഡിസംബര്‍ 27 നാണ് സംഭവം നടക്കുന്നത്. ആംബുലന്‍സില്‍ തന്നെഓണ്‍ചെയ്ത വീഡിയോയിലാണ് ദൃശ്യം പതിഞ്ഞത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത് അറിഞ്ഞിരുന്നില്ല. 30 നാണ് ഇങ്ങനെയൊരു വീഡിയോയെ കുറിച്ച്‌ ഞാന്‍ അറിയുന്നത്.

ആളുകള്‍ ശബരിമല കേസുള്‍പ്പടെ പൊലീസിനെ കുറ്റം പറയുന്ന സാഹചര്യമാണ്. എന്നാല്‍ വീഡിയോ ഇറങ്ങിയ ശേഷം ആ അഭിപ്രായങ്ങളില്‍ മാറ്റം വന്നതില്‍ സന്തോഷമുണ്ടെന്നും രഞ്ജിത്ത് പറഞ്ഞു. സിനിമയില്‍ സബ് ഇന്‍സ്പെക്ടറുടെ വേഷമായിരിക്കും രഞ്ജിത്തിന്.