പന്തളത്ത് കര്‍മസമിതി പ്രവര്‍ത്തകന്‍ മരിച്ചത് ഹൃദയസ്തംഭനം മൂലമെന്ന് മുഖ്യമന്ത്രി

single-img
3 January 2019

ശബരിമല കര്‍മസമിതി പന്തളത്ത് നടത്തിയ പ്രകടനത്തിനു നേരെയുണ്ടായ കല്ലേറില്‍ പരുക്കേറ്റ ചന്ദ്രന്‍ ഉണ്ണിത്താന്‍ (55) മരിച്ചത് ഹൃദയസ്തംഭനത്തെത്തുടര്‍ന്നാണെന്ന് മുഖ്യമന്ത്രി. ” ഹൃദയസ്തംഭനത്തെത്തുടര്‍ന്നാണ് അദ്ദേഹം ആശുപത്രിയില്‍ മരിച്ചത്. ഹൃദയസ്തംഭനത്തിന്റെ കാരണം അറിയില്ല” – മുഖ്യമന്ത്രി പറഞ്ഞു.

കല്ലേറിനെ തുടര്‍ന്നാണ് ഉണ്ണിത്താന്‍ മരിച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പന്തളത്ത് ഇന്നലെ നടന്ന പ്രകടനത്തിനിടെ പരിക്കേറ്റ ഉണ്ണിത്താന്‍ ചികിത്സയിലിരിക്കെ രാത്രിയാണ് മരിച്ചത്. തലയിൽ ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ആദ്യം പന്തളത്തെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

പിന്നീട് രക്തസ്രാവം  കൂടിയതിനെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും  രാത്രി 10.30 ഓടെ മരിക്കുകയായിരുന്നു. സിപിഎം പ്രവര്‍ത്തകരുടെ കല്ലേറിനെ തുടര്‍ന്നാണ് ഉണ്ണിത്താന്‍ മരിച്ചതെന്നായിരുന്നു കര്‍മ്മ സമിതിയും കുടുംബവും ആരോപിച്ചത്.

സിപിഎം ഓഫിസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തില്‍നിന്നാണ്‌ കല്ലേറുണ്ടായതെന്ന് പൊലീസ് സ്ഥീരീകരിച്ചിട്ടുണ്ട്. കെട്ടിടത്തിനു മുകളില്‍നിന്ന് അക്രമികള്‍ കല്ലെറിയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. കല്ലേറുണ്ടായപ്പോള്‍ പൊലീസ് ഇടപെടല്‍ ഉണ്ടായില്ലെന്നു മരിച്ച ചന്ദ്രന്‍ ഉണ്ണിത്താന്റെ കുടുംബം ആരോപിച്ചിരുന്നു. ചന്ദ്രന്‍ മരിച്ച സംഭവത്തില്‍ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.