പാലക്കാട്ട് വന്‍ അക്രമം; സിപിഐ ഓഫിസ് തകര്‍ത്തു; വാഹനങ്ങളും തകര്‍ത്തു; 12 പൊലീസുകാര്‍ക്ക് പരുക്കേറ്റു

single-img
3 January 2019

പാലക്കാട് മണിക്കൂറുകളായി സംഘര്‍ഷാവസ്ഥ തുടരുകയാണ്. കല്‍പാത്തി ഭാഗത്താണ്  അക്രമ സംഭവങ്ങള്‍ കൂടുതലായി നടന്നത്. കര്‍മസമിതിയുടെ പ്രകടനത്തിനു നേരെ കല്ലേറുണ്ടായതാണ് അക്രമത്തിന് തുടക്കമായത്. വിക്ടോറിയ കോളേജ് ഹോസ്റ്റല്‍ അടിച്ചുതകര്‍ത്തു. തുടര്‍ന്ന് വിക്ടോറിയ കോളേജിന് അടുത്തുള്ള സിപിഐ ഓഫീസ് തകര്‍ത്തു. ഫര്‍ണിച്ചറുകളും വാഹനങ്ങളും തകര്‍ത്തു. 

തുടര്‍ന്ന് പോലീസ് എത്തി ടിയര്‍ ഗ്യാസ് പ്രയോഗിക്കുകയും ലാത്തി വീശി പ്രവര്‍ത്തകരെ ഓടിക്കുകയും ചെയ്തു. നിരവധി അക്രമികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒറ്റപ്പാലത്തും സംഘര്‍ഷമുണ്ടായി. പാലക്കാട് എസ്പി അടക്കം നിരവധി പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ശബരിമല കര്‍മസമിതിയുടെ ഹര്‍ത്താലില്‍ സംസ്ഥാനത്ത് വ്യാപക അക്രമമാണ് അരങ്ങേറിയത്. കര്‍മസമിതി കോഴിക്കോട്ടും പാലക്കാട്ടും തൃശൂരും നടത്തിയ മാര്‍ച്ചില്‍ ഉച്ചയ്ക്ക് മുന്‍പേ സംഘര്‍ഷമുണ്ടായി.  കോഴിക്കോട് മിഠായിത്തെരുവില്‍ തുറന്ന കടകള്‍ അടപ്പിക്കാന്‍  കര്‍മസമിതി പ്രവര്‍ത്തകര്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് വഴിവെച്ചത്. 

തൃശ്ശൂര്‍ വാടാനപ്പള്ളിയില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു. എന്‍ഡിഎഫ്-ബിജെപി സംഘര്‍ഷത്തിനിടെയാണ് കുത്തേറ്റത്. ഇന്നലെ മുതല്‍ വാടാനപ്പള്ളിയില്‍ നിലനിന്നിരുന്ന സംഘര്‍ഷാവസ്ഥയുടെ തുടര്‍ച്ചയായാണ് ഇന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റത്. ശ്രീജിത്ത്, സുജിത്ത്, രതീഷ് എന്നിവര്‍ക്കാണ് കുത്തേറ്റത്. 

ഇന്ന് ബിജെപി പ്രവര്‍ത്തകര്‍ പ്രകടനമായെത്തിയപ്പോള്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ കല്ലെറിയുകയായിരുന്നു. തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.  കുത്തേറ്റവരെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിപിഎമ്മിന്റെ വടക്കാഞ്ചേരി ഓഫീസിനു നേരെ ആക്രമണം ഉണ്ടായി. കനത്ത സുരക്ഷയാണ് തൃശ്ശൂര്‍ ജില്ലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പൊന്നാനിയിലും  പെരുമ്പാവൂരിലും കര്‍മസമിതി പ്രവര്‍ത്തകരും  പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. മലപ്പുറം വാഴയൂര്‍ കാരാട് ഹര്‍ത്താല്‍ അനുകൂലികളുടെ കല്ലേറില്‍  എസ്.ഐയ്ക്കും എ.എസ്.ഐക്കും പരുക്കേറ്റു. കായംകുളത്തും കര്‍മസമിതിയുടെ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു.

കോഴിക്കോട് രാവിലെ  റോഡില്‍ ടയറുകള്‍ കത്തിച്ചും കല്ലുകള്‍ നിരത്തിയും ഗതാഗതം തടസപ്പെടുത്തി. കുന്നമംഗലത്തും കൊയിലാണ്ടിയിലും വാഹനങ്ങള്‍ക്കുനേരെ കല്ലേറുണ്ടായി. പാലക്കാട് മരുതറോഡില്‍ കല്ലേറില്‍ ആംബുലന്‍സിന്റെ ചില്ലുകള്‍ തകര്‍ന്നു.  കൊല്ലം കൊട്ടാരക്കര പള്ളിക്കലിലും കോട്ടാത്തലയിലും ബി.ജെ.പി- ഡി.വൈ.എഫ് .ഐ പ്രവര്‍ത്തകര്‍ തമ്മില്‍  സംഘർഷമുണ്ടായി.  ആറു പേർക്ക് പരുക്കേറ്റു.

റാന്നി താലൂക്കാശുപത്രിയിലേക്ക് ജീവനക്കാരുമായി വന്ന ആംബുലന്‍സ് ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞ് കാറ്റഴിച്ചുവിട്ടു. കണ്ണൂർ നഗരത്തിൽ നിർത്തിയിട്ടിരുന്ന സേവാഭാരതിയുടെ ആംബുലൻസിന് നേരെ അക്രമം.  ഡ്രൈവറുടെ വീടിന് മുന്നിൽ നിർത്തിയിട്ട ആംബുലൻസിന്റെ ചില്ലുകൾ ബൈക്കിലെത്തിയ രണ്ടുപേർ അടിച്ച് തകർത്തു. 

കൊട്ടാരക്കര വെട്ടിക്കവലയിൽ കെ.എസ് ആർ ടി സി.ബസിന് നേരെ കല്ലേറുണ്ടായി. ഇന്നലെയും ഇന്നുമായി  കെ.എസ്.ആര്‍.ടി.സിയുടെ  79 ബസുകള്‍ കല്ലേറില്‍ തകര്‍ന്നു. അക്രമത്തെ തുടര്‍ന്ന്  കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തുന്നില്ല. പത്തനംതിട്ട ജില്ലയില്‍  കെ.എസ്.ആര്‍.ടി.സി പമ്പ സര്‍വീസ് മാത്രം നടത്തുന്നുണ്ട്. കണ്ണൂരില്‍ അക്രമം നടത്തിയ ആറുപേര്‍ അറസ്റ്റിലായി. 10 പേരെ കസ്റ്റഡിയിലെടുത്തു. മലപ്പുറം തവനൂരില്‍ പ്രതിഷേധക്കാര്‍ സിപിഎം ഓഫീസിന് തീയിട്ടു.  പാലക്കാട് വെണ്ണക്കരയില്‍ ഇ.എം.എസ് സ്മാരക വായനശാലയ്ക്ക് രാത്രി തീയിട്ടു.