തിരുവനന്തപുരത്ത് നെടുമങ്ങാട് പോലീസ് സ്റ്റേഷന് നേരെ ബോംബേറ്: എസ് ഐക്ക് പരിക്ക്; നിരവധി വീടുകൾക്ക് നേരെയും ആക്രമണം

single-img
3 January 2019

തിരുവനന്തപുരത്ത് നെടുമങ്ങാട് പോലീസ് സ്റ്റേഷന് നേരെ ബോംബേറ്.  ഹര്‍ത്താലിനിടെയുണ്ടായ അക്രമങ്ങളെ തുടർന്ന് പ്രദേശത്ത് സിപിഎം ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷങ്ങള്‍ക്കിടയിലാണ് പോലീസ് സ്റ്റേഷന് നേരെ 3 തവണ ബോംബേറ് ഉണ്ടായത്. അക്രമകാരികളെ വിരട്ടിയോടിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കിടെയാണ് തുടര്‍ച്ചയായി 3 തവണ സ്റ്റേഷന് മുമ്പിലേക്ക് ബോംബേറ് ഉണ്ടായത്.

നെടുമങ്ങാട് പോലീസ് സ്റ്റേഷന് നേരെ ബോംബേറ്

തിരുവനന്തപുരത്ത് നെടുമങ്ങാട് പോലീസ് സ്റ്റേഷന് നേരെ ബോംബേറ്: എസ് ഐക്ക് പരിക്ക്; നിരവധി വീടുകൾക്ക് നേരെയും ആക്രമണം http://www.evartha.in/2019/01/03/nedumangad-2.html

Posted by evartha.in on Thursday, January 3, 2019

ഇതോടെ പോലീസുകാര്‍ പോലും ചിതറിയോടി. നെടുമങ്ങാട് എസ്ഐയെ കർമസമിതി പ്രവർത്തകർ ആക്രമിച്ചു. നെടുമങ്ങാട് ആനാട് കടകൾക്ക് നേരെ അക്രമം നടത്തിയവരെ പിടികൂടുന്നതിനിടെയാണ് എസ്ഐ സുനിൽ ഗോപിയേയും ഡ്രൈവറെയും ആക്രമിച്ചത്. പൊലീസ് വാഹനവും അടിച്ച് തകർത്ത അക്രമികൾ പൊലീസ് പിടികൂടിയ ഒരാളെ മോചിപ്പിച്ചു.

മലയിൻകീഴ് ഈഴക്കോട് സ്വദേശിനി ബിജുപ്രഭയുടെ വീട് ഒരു സംഘമാളുകൾ ആക്രമിച്ചു. കാറിന്‍റെയും ജനലുകളുടേയും ചില്ലുകൾ അടിച്ചു തകർത്തു. വനിതാമതിലിൽ പങ്കെടുത്ത ചിത്രം ഫെയ്സ് ബുക്കിലിട്ടതാണ് പ്രകോപനം. CITU തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം സാബുവിന്‍റെ നെടുമങ്ങാടുള്ള വീടിനു നേരെയും ആക്രമണം ഉണ്ടായി.

വീട്ടുമുറ്റത്തുണ്ടായിരുന്ന വാഹനം അക്രമികൾ അടിച്ചു തകർത്തു. നെടുമങ്ങാടിലേക്ക് കൂടുതല്‍ പോലീസിനെ അയച്ചിട്ടുണ്ട്.  നിരവധി സിപിഎം പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്. സിപിഎം പ്രവർത്തകരുടെ വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും വലിയ ആക്രമണമാണ് നടക്കുന്നത്.

ശബരിമല കർമസമിതി ആഹ്വാനം ചെയ്ത ഹർത്താലിൽ സംസ്ഥാനം യുദ്ധക്കളമായി. രാവിലെ പലയിടത്തും കടകൾ തുറന്ന വ്യാപാരികൾക്ക് നേരെ ശബരിമല കർമസമിതി പ്രവർത്തകരും, ബിജെപി – സംഘപരിവാർ പ്രവർത്തകരും ആക്രമണം തുടങ്ങി. കടകൾ ബലം പ്രയോഗിച്ച് അടപ്പിച്ചു. നിരവധി സ്ഥലങ്ങളിൽ സിപിഎം ഓഫീസുകൾ ആക്രമിക്കപ്പെട്ടു. തിരിച്ചും ആക്രമണമുണ്ടായി.  

പാലക്കാട് മണിക്കൂറുകളായി സംഘര്‍ഷാവസ്ഥ തുടരുകയാണ്. കല്‍പാത്തി ഭാഗത്താണ്  അക്രമ സംഭവങ്ങള്‍ കൂടുതലായി നടന്നത്. കര്‍മസമിതിയുടെ പ്രകടനത്തിനു നേരെ കല്ലേറുണ്ടായതാണ് അക്രമത്തിന് തുടക്കമായത്. വിക്ടോറിയ കോളേജ് ഹോസ്റ്റല്‍ അടിച്ചുതകര്‍ത്തു. തുടര്‍ന്ന് വിക്ടോറിയ കോളേജിന് അടുത്തുള്ള സിപിഐ ഓഫീസ് തകര്‍ത്തു. ഫര്‍ണിച്ചറുകളും വാഹനങ്ങളും തകര്‍ത്തു. 

തുടര്‍ന്ന് പോലീസ് എത്തി ടിയര്‍ ഗ്യാസ് പ്രയോഗിക്കുകയും ലാത്തി വീശി പ്രവര്‍ത്തകരെ ഓടിക്കുകയും ചെയ്തു. നിരവധി അക്രമികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒറ്റപ്പാലത്തും സംഘര്‍ഷമുണ്ടായി. പാലക്കാട് എസ്പി അടക്കം നിരവധി പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

കോഴിക്കോട്‌ മിഠായിത്തെരുവില്‍ തുറന്ന കടകള്‍ അടപ്പിക്കാന്‍ മിഠായിത്തെരുവിലെത്തിയ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരും വ്യാപാരികളും തമ്മില്‍ സംഘര്‍ഷമുണ്ടായി. മിഠായിത്തെരുവിനു സമീപത്തെ കോയെങ്കോ ബസാറിലെ അഞ്ചിലധികം കടകള്‍ അക്രമികള്‍ അടിച്ചുതകര്‍ത്തു.

പ്രകടനമായെത്തിയ ഹര്‍ത്താല്‍ അനുകൂലികള്‍  തുറന്ന കട അടപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വ്യാപാരികള്‍ തടഞ്ഞു. തുടര്‍ന്നാണ് സംഘര്‍ഷത്തിലേയ്ക്കു നീങ്ങിയത്. ആദ്യം നിഷ്‌ക്രിയമായി നിന്ന പോലീസ് പിന്നീട് അക്രമികള്‍ക്കുനേരെ ലാത്തി വീശി. അക്രമികളായ അറുപതോളം പേരെ അറസ്റ്റ് ചെയ്തു നീക്കി.

മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ തിരുവനന്തപുരത്ത് നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് റിപ്പോര്‍ട്ടിങ് നിര്‍ത്തിവെച്ചു. സെക്രട്ടറിയേറ്റിനു മുന്നിലേയ്ക്ക് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയാണ് ആക്രമണമുണ്ടായത്.