”റഫാല്‍ വിമാന ഇടപാടില്‍ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ മോദി പാര്‍ലമെന്റില്‍ നിന്ന് ഒളിച്ചോടി സര്‍വ്വകലാശാലയില്‍ ക്ലാസെടുക്കാന്‍ പോയി”

single-img
3 January 2019

പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ദസ്സോയുമായി ഒപ്പുവെച്ച കരാറിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ മോദി പഞ്ചാബിലെ ലവ്‌ലി പ്രൊഫഷണല്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ക്ക് ക്ലാസെടുക്കാന്‍ പോയിരിക്കുകയാണെന്ന് രാഹുല്‍ പരിഹസിച്ചു.

റഫാല്‍ പരിക്ഷയെഴുതാതെ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ നിന്ന് ഒളിച്ചോടി വിദ്യാര്‍ഥികള്‍ക്ക് ക്ലാസെടുക്കാന്‍ പോയിരിക്കുകയാണ്. താന്‍ കഴിഞ്ഞദിവസം ഉന്നയിച്ച നാല് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണമെന്ന് വിദ്യാര്‍ഥികള്‍ പ്രധാമന്ത്രിയോട് ബഹുമാനത്തോടെ ആവശ്യപ്പെടണമെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

റഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മേദിക്കെതിരെ സഭയില്‍ കോണ്‍ഗ്രസ് ആരോപണം ശക്തമാക്കുന്നതിനിടെയാണ് പുതിയ ട്വീറ്റ്. ബുധനാഴ്ച റഫാല്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചകള്‍ നടക്കുന്നവേളയില്‍ പ്രധാനമന്ത്രി ലോക്‌സഭയില്‍ ഹാജരായിരുന്നില്ല. അതേസമയം വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയ്ക്ക് അഭിമുഖം നല്‍കുകയും ചെയ്തിരുന്നു.

ഇതിനെ പരിഹസിച്ച്,  മോദിക്ക് ഉത്തരം നല്‍കാന്‍ തയ്യാറെടുക്കാനായി  താന്‍ വേണമെങ്കില്‍ മുന്‍കൂറായി ചോദ്യങ്ങള്‍ നല്‍കാമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസിന്റെ ഉദ്ഘാടനത്തിനായാണ് മോദി ലവ്‌ലി പ്രൊഫഷണല്‍ സര്‍വകലാശാലയിലെത്തിയത്.