തകര്‍ത്തത് 100 കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍; നഷ്ടം 3.35 കോടി; തകർന്ന ബസുകളുമായി കെഎസ്ആർടിസിയുടെ വിലാപയാത്ര

single-img
3 January 2019

കെഎസ്ആര്‍ടിസി ബസുകള്‍ക്കു നേരെയുണ്ടായ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ബസുകളുടെ പ്രതീകാത്മക റാലി. കിഴക്കേക്കോട്ടയിലെ ചീഫ് ഓഫിസില്‍നിന്ന് പാളയം രക്തസാക്ഷി മണ്ഡപത്തിലേക്കാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ ബസുകളുമായി റാലി നടത്തിയത്. കെഎസ്ആര്‍ടിസി എംഡി ടോമിന്‍ ജെ.തച്ചങ്കരി ഐപിഎസ് ചീഫ് ഓഫിസിനു മുന്നില്‍ റാലി ഉദ്ഘാടനം ചെയ്തു.

കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ക്കുനേരെ വ്യാപക അക്രമം ഉണ്ടായതിനെത്തുടര്‍ന്ന് കോര്‍പ്പറേഷനുണ്ടായ നഷ്ടം 3.35 കോടിരൂപയാണെന്ന് മാനേജിങ് ഡയറക്ടര്‍ ടോമിന്‍ തച്ചങ്കരി പറഞ്ഞു. സംസ്ഥാനത്ത് 100 ബസ്സുകളാണ് രണ്ട് ദിവസത്തിനിടെ തകര്‍ക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

കെഎസ്ആര്‍ടിസിയെ അക്രമത്തില്‍നിന്ന് ഒഴിവാക്കണമെന്ന് എംഡി അഭ്യര്‍ഥിച്ചു. കെഎസ്ആര്‍ടിസി ബസുകള്‍ ആക്രമിച്ചതുകൊണ്ട് ആര്‍ക്കും നേട്ടമില്ല. സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് കെഎസ്ആര്‍ടിസി ബസ് ആക്രമിക്കുന്നതെങ്കില്‍ കാര്യമില്ല. നഷ്ടം കെഎസ്ആര്‍ടിസി വഹിക്കണമെന്നും തച്ചങ്കരി പറഞ്ഞു. 

ബസ്സുകള്‍ തകര്‍ക്കപ്പെട്ടതുമൂലം ഉണ്ടായ നഷ്ടം മാത്രമാണ് വിലയിരുത്തിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. സര്‍വീസുകള്‍ മുടങ്ങുന്നതുമൂലം ഉണ്ടായകുന്ന നഷ്ടം കണക്കാക്കാന്‍ ദിവസങ്ങളെടുക്കും. ബസ്സുകള്‍ നന്നാക്കി സര്‍വീസുകള്‍ക്ക് ഉപയോഗിക്കാന്‍കഴിയുന്ന തരത്തിലാക്കാന്‍ ദിവസങ്ങളോ മാസങ്ങളോ വേണ്ടിവന്നേക്കാം. വോള്‍വോ, സ്‌കാനിയ തുടങ്ങിയ ബസ്സുകളുടെ സ്‌പെയര്‍പാര്‍ട്‌സുകള്‍ വിദേശത്തുനിന്ന് എത്തിക്കേണ്ടിയും വന്നേക്കാം. ഇതുമൂലം ബസ്സുകള്‍ നന്നാക്കാന്‍ കാലതാമസമുണ്ടാകും.