മിഠായിത്തെരുവില്‍ സംഘര്‍ഷം; കടകള്‍ അടിച്ചുതകര്‍ത്തു; കണ്ണീർ വാതകം പ്രയോഗിച്ചു; നിരവധി പേര്‍ അറസ്റ്റില്‍

single-img
3 January 2019

കോഴിക്കോട് മിഠായിത്തെരുവിൽ വ്യാപാരികൾ കടകൾ തുറന്നതിനെത്തുടർന്ന് ഹർത്താൽ അനുകൂലികളെത്തി അടപ്പിക്കാൻ ശ്രമം നടത്തിയത് സംഘർഷത്തിനിടയാക്കി. ഹര്‍ത്താല്‍ അനുകൂലികളും പൊലീസും വ്യാപാരികളും തമ്മില്‍ ഏറ്റുമുട്ടി. പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞതോടെ കടകളുടെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. കല്ലേറില്‍ വാഹനങ്ങളും തകര്‍ന്നിട്ടുണ്ട്. ചില കടകള്‍ ബലമായി അടപ്പിച്ചെങ്കിലും വ്യാപാരികള്‍ മുഴുവന്‍ കടകളും തുറന്ന് പ്രവര്‍ത്തിപ്പിക്കാനുള്ള തീരുമാനത്തിലാണ്.

പ്രകടനമായെത്തിയ ഹര്‍ത്താല്‍ അനുകൂലികള്‍  തുറന്ന കട അടപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വ്യാപാരികള്‍ തടഞ്ഞു. തുടര്‍ന്നാണ് സംഘര്‍ഷത്തിലേയ്ക്കു നീങ്ങിയത്. ആദ്യം നിഷ്ക്രിയമായി നിന്ന പോലീസ് പിന്നീട് അക്രമികള്‍ക്കുനേരെ ലാത്തി വീശി. അക്രമികളായ അറുപതോളം പേരെ അറസ്റ്റ് ചെയ്തു നീക്കി.

രാവിലെ പത്തുമണിയോടെയാണ് മിഠായിത്തെരുവിലെ ഒരു കട വ്യാപരികള്‍ തുറന്നത്. വ്യാപാരികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. രണ്ടു വശത്തുനിന്നും കൂട്ടമായെത്തിയ പ്രവര്‍ത്തകര്‍ അഞ്ചിലധികം കടകള്‍ അടിച്ചുതകര്‍ത്തു. അടച്ചിട്ട കടകള്‍ക്കു നേരെ കല്ലേറുമുണ്ടായി. സംഭവം നടക്കുമ്പോള്‍ പോലീസുകാര്‍ നോക്കിനില്‍ക്കുകയായിരുന്നു എന്ന് പരാതിയുണ്ട്. 

കടകള്‍ തകര്‍ത്തതിനെ തുടര്‍ന്ന് സ്ഥലത്തേയ്‌ക്കെത്തിയ വ്യാപാരികള്‍ പ്രതിഷേധിക്കുകയും പോലീസിനു നേരെ വാഗ്വാദത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. അപ്പോഴേയ്ക്കും ഹര്‍ത്താല്‍ അനുകൂലികള്‍ മിഠായിത്തെരുവിന്റെ മറ്റൊരു മേഖലയിലേയ്ക്ക് നീങ്ങി. തുടര്‍ന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും വ്യാപാരികളും ചേര്‍ന്ന് അക്രമികളെ ഓടിക്കുകയായിരുന്നു. 

അതേസമയം സംസ്ഥാനത്ത് പലയിടത്തും പൊലീസ് സംരക്ഷണയില്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. കടകള്‍ ആക്രമിക്കപ്പെടുമെന്ന ആശങ്കയുണ്ടെങ്കിലും അടിക്കടിയുള്ള ഹര്‍ത്താലുകള്‍ അവസാനിപ്പിക്കണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടു. പ്രതീക്ഷിച്ചതിലും വലിയ പിന്തുണയാണ് പൊലീസ് നല്‍കുന്നതെന്ന് കൊച്ചിയിലെ വ്യാപാരികള്‍ വ്യക്തമാക്കി.

തിരുവനന്തപുരതു കടകൾ തുറക്കാൻ പറ്റാത്ത സാഹചര്യമെന്നു വ്യാപാരികൾ വ്യക്തമാക്കി. പൊലീസ് സംരക്ഷണം കിട്ടിയിട്ടില്ലെന്നും അവര്‍ പറഞ്ഞു. ചാലയില ഉൾപ്പെടെ കടകൾ തുറന്നില്ല. തൃശൂർ നഗരത്തിൽ കട തുറക്കാനുള്ള വ്യാപാരികളുടെ ശ്രമം ഹർത്താലനുകൂലികൾ തടഞ്ഞിരുന്നു. വയനാട്ടിൽ പലയിടത്തും വ്യാപാരികൾ കടകൾ തുറന്നു. അടപ്പിക്കാനെത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. 

അതേസമയം ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാനത്തുടനീളം പരക്കെ അക്രമം നടക്കുകയാണ്. വഴി തടഞ്ഞും കടകളടപ്പിച്ചും ബസുകൾക്ക് നേരെ കല്ലേറ് നടത്തിയും പ്രതിഷേധം ശക്തമാക്കുകയാണ്. കണ്ണൂരും പത്തനംതിട്ടയും തൃശൂരും പാലക്കാടും കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലെറിഞ്ഞു. അന്യസംസ്ഥാനത്ത് നിന്നുള്ള ബസുകൾക്ക് നേരെയും ആക്രമണമുണ്ടായി.ടയർ കത്തിച്ചും കല്ലും മരക്കഷ്ണങ്ങളും നിരത്തിയും പ്രതിഷേധക്കാർ വഴിതടഞ്ഞു.