കോതമംഗലത്ത് മക്കളുടെ മുന്നിലിട്ട് ഭാര്യയെ വെട്ടിക്കൊന്ന സംഭവം: ഭർത്താവിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി

single-img
3 January 2019

കോതമംഗലം ഊന്നുകല്ലിനു സമീപം നമ്പൂരിക്കൂപ്പിൽ മക്കളുടെ മുന്നിലിട്ട് ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഊന്നുകൽ തടിക്കുളം സ്വദേശിയും നമ്പൂരിക്കൂപ്പ് കാപ്പിച്ചാൽ ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ആമക്കാട്ട് സജി ആന്റണി (42) ആണ് തൂങ്ങിമരിച്ചത്.

പ്രിയയുടെ മൃതദേഹത്തിൽ ഇൻക്വസ്റ്റ് തുടങ്ങിയ ഘട്ടത്തിലാണ് സജിയുടെ മരണവിവരം പോലീസ് അറിയുന്നത്. നടപടികൾക്കു ശേഷം ഇരുവരുടെയും മൃതദേഹങ്ങൾ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പോലീസ് സർജൻ ഡോ. മനോജ് പോസ്റ്റ്‌മോർട്ടം നടത്തി.

ചൊവ്വാഴ്ച വൈകീട്ട് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സജി വീടിന് 100 മീറ്റർ മാറിയുള്ള റബ്ബർത്തോട്ടത്തിലെ ആഞ്ഞിലിമരത്തിലാണ് തൂങ്ങിമരിച്ചത്. സംഭവ ശേഷം കാണാതായ സജിക്കായി പോലീസും നാട്ടുകാരും പരിസരമാകെ രാത്രി തിരച്ചിൽ നടത്തിയിരുന്നു. ബുധനാഴ്ച രാവിലെ 9.30-ഓടെയാണ് സജിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സജി ഒളിവിൽ പോയതാണെന്നു കരുതി പോലീസ് അന്വേഷണത്തിന് ഡോഗ് സ്‌ക്വാഡിന്റെയും ഫൊറൻസിക് വിദഗ്ദ്ധരുടെയും സഹായം തേടിയിരുന്നു.

ഇരുവരും തമ്മിലുള്ള വഴക്കാണ് പ്രിയയുടെ കൊലപാതകത്തിലും സജിയുടെ തൂങ്ങിമരണത്തിലും എത്തിച്ചത്. സംഭവ ദിവസം രാവിലെ പ്രിയ പിതാവിനൊപ്പം ഊന്നുകൽ പോലീസിൽ ഭർത്താവുമായുള്ള വഴക്കുമായി ബന്ധപ്പെട്ട് പരാതി നൽകാൻ എത്തിയിരുന്നു. പോലീസ് വ്യാഴാഴ്ച രാവിലെ സജിയോട് സ്റ്റേഷനിൽ എത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.

തയ്യൽജോലി ചെയ്യുന്ന സ്ഥാപനത്തിൽനിന്ന് പ്രിയ ചൊവ്വാഴ്ച വൈകീട്ട് 4-നു മുമ്പ് വീട്ടിലെത്തിയിരുന്നു. ഇതിനിടെ ഇരുവരും തമ്മിൽ വഴക്കുണ്ടായതായാണ് സൂചന. പ്രിയ സ്വന്തം വീട്ടിലേക്ക് പോകാനിറങ്ങിയപ്പോഴാണ് പ്രകോപിതനായ സജി പ്രിയയെ മക്കളുടെ മുന്നിലിട്ട് തലങ്ങും വിലങ്ങും വെട്ടി കൊലപ്പെടുത്തിയതെന്നാണ് പോലീസ് നൽകുന്ന വിവരം. കുട്ടികളുടെയും ബന്ധുക്കളുടെയും മൊഴി പിന്നീട് രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.

പ്രിയയുടെ ശരീരത്തിൽ പത്തിലധികം മുറിവുകളുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. കഴുത്തിനു പിന്നിലും തലയ്ക്കും നെഞ്ചത്തുമേറ്റ ആഴത്തിലുള്ള മുറിവാണ് രക്തംവാർന്ന് മരണ കാരണമായതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ സൂചനയെന്ന് പോലീസ് അറിയിച്ചു. കൃത്യം നടത്താൻ ഉപയോഗിച്ച വാക്കത്തി അടുക്കളയിൽ  നിന്ന് പോലീസ്  കണ്ടെടുത്തു. 

തടിക്കുളം വയലിൽ കുടുംബാംഗമാണ് പ്രിയ. ബന്ധുക്കൾ ഏറ്റുവാങ്ങിയ പ്രിയയുടെ മൃതദേഹം വൈകീട്ടും സജിയുടെ മൃതദേഹം രാത്രിയിലും ഊന്നുകൽ ലിറ്റിൽഫ്ളവർ ഫൊറോന പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. സ്ഥലത്ത് വൻ ജനാവലിയും എത്തിയിരുന്നു.