സിനിമാ താരങ്ങളുടെയും നിർമാതാക്കളുടെയും സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പ് റെയ്ഡ്; തമിഴ്നാട്ടിൽ ഹോട്ടലുകളിലും റെയ്ഡ്

single-img
3 January 2019

പ്രമുഖ കന്നഡ സിനിമാ താരങ്ങളുടെയും നിർമാതാക്കളുടെയും സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പിന്റെ പരിശോധന. കന്നഡ സിനിമാ താരങ്ങളായ ശിവ രാജ്കുമാർ, പുനീത് രാജ്കുമാർ, സുദീപ്, യാഷ്, നിർമാതാവ് റോക്‌‍ലൈൻ വെങ്കടേഷ് തുടങ്ങിയവരുടെ സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.

സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലുള്ള ഇവരുടെ വീടുകളിലാണ് ഇരുന്നൂറോളം ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘം പല സമയങ്ങളിലായി റെയ്ഡ് നടത്തിയത്. റെയ്ഡിന്റെ മുഴുവന്‍ വിവരങ്ങളും ലഭ്യമായിട്ടില്ല.

അന്തരിച്ച നടൻ രാജ്​കുമാറിന്റെ മകനും മുന്‍ മുഖ്യമന്ത്രി ബംഗാരപ്പയുടെ മരുമകനും ദേശീയ അവാര്‍ഡ് ജേതാവുമാണ് ശിവ രാജ്കുമാര്‍, ശിവ രാജ്​കുമാറിന്റെ സഹോദരനാണ് പുനീത്. സല്‍മാന്‍ ചിത്രം ബജ്‌രംഗി ഭായ്ജാനിന്റെയും മോഹന്‍ലാല്‍ ചിത്രം വില്ലന്റെയും നിര്‍മാതാവായ റോക്‌ലൈന്‍ വെങ്കിടേഷ് ആവട്ടെ കോണ്‍ഗ്രസ് എം.എല്‍.എ.യും നിര്‍മാതാവുമായ മുനിരത്‌നയുടെ ബന്ധു കൂടിയാണ്.

ഇപ്പോള്‍ സൂപ്പര്‍ഹിറ്റായി തിയ്യറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്ന കെ.ജി.എഫ് എന്ന ചിത്രത്തിലെ നായകനാണ് യഷ്. അതിന്റെ നിര്‍മാതാവാണ് വിജയ് കിരഗണ്ടാരു. കന്നഡ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുക്കിയ ചിത്രമാണ് കെ.ജി.എഫ്. മലയാളം ഉള്‍പ്പടെ നിരവധി ഭാഷകളില്‍ മൊഴിമാറ്റി ഇറക്കിയ ചിത്രം ഇതിനോടകം തന്നെ തിയ്യറ്ററുകളില്‍ നിന്ന് 150 കോടിയിലേറെ രൂപ കളക്റ്റ് ചെയ്തുകഴിഞ്ഞു.

അടുത്ത കാലത്ത് കന്നഡയില്‍ ഇറങ്ങിയ മൂന്ന് ചിത്രങ്ങളുടെ ബജറ്റാണ് ഇപ്പോഴത്തെ റെയ്ഡിന് പിന്നിലെന്ന് താന്‍ കരുതുന്നതായി നടന്‍ സുദീപ് പറഞ്ഞു. തെറ്റൊന്നും ചെയ്യാത്തതിനാല്‍ താന്‍ റെയ്ഡുമായി പൂര്‍ണമായി സഹകരിക്കുമെന്നും സുദീപ് പറഞ്ഞു.

അതേസമയം തമിഴ്നാട്ടിൽ ശരവണ ഭവൻ ഉൾപ്പെടെയുള്ള പ്രമുഖ ഹോട്ടൽ ശൃംഖലകളുടെ സ്ഥാപനങ്ങളിൽ വ്യാഴാഴ്ച റെയ്ഡ് നടന്നു. ചെന്നൈയിൽ ഹോട്ട് ബ്രെഡ്സ്, അഞ്ജപ്പർ ഗ്രൂപ്പ് എന്നിവരുടെ സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. ഹോട്ടൽ ഡയറക്ടര്‍മാരുടെ വീടുകൾ, ഓഫിസുകൾ തുടങ്ങി ചെന്നൈ നഗരത്തിൽ മാത്രം 32 ഇടങ്ങളിലാണു പരിശോധന നടന്നത്.

നികുതി വെട്ടിപ്പു നടത്തിയതായി പരാതി ഉയർന്ന സാഹചര്യത്തിലാണു പരിശോധന നടത്തിയതെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കഴിഞ്ഞ കുറച്ചുവർഷങ്ങളായി ഹോട്ടൽ ഗ്രൂപ്പുകൾ വൻതോതിൽ നികുതി വെട്ടിപ്പു നടത്തിയതായി വിവരം ലഭിച്ചെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.