കേരള സര്‍ക്കാര്‍ പട്ടാപ്പകല്‍ ഹിന്ദുക്കളെ മാനഭംഗപ്പെടുത്തിയപോലെ: സ്ത്രീ പ്രവേശനത്തെക്കുറിച്ച് കേന്ദ്രമന്ത്രി ആനന്ദ് ഹെ​ഗ്ഡെ

single-img
3 January 2019

ശബരിമല യുവതീപ്രവേശന വിഷയത്തിൽ രൂക്ഷഭാഷയില്‍ പ്രതികരിച്ചു കേന്ദ്രമന്ത്രി അനന്ത് കുമാർ ഹെഗ്ഡെ. കേരള സർക്കാർ ശബരിമല വിഷയം കൈകാര്യം ചെയ്തതു ഹിന്ദുക്കളെ പകൽ വെളിച്ചത്തിൽ മാനഭംഗപ്പെടുത്തിയതുപോലെയാണെന്നു മന്ത്രി പറഞ്ഞു. രണ്ട് യുവതികൾ ശബരിമലയിൽ പ്രവേശിച്ചതിനെ തുടർന്നു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അക്രമങ്ങൾ തുടരുന്നതിനിടെയാണു മന്ത്രിയുടെ പ്രതികരണം.

മുഖ്യമന്ത്രി പിണറായി വിജയൻ ശബരിമല വിഷയത്തിൽ ഇടപെട്ടത് മുൻവിധികളോടെയാണെന്നും അത് ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിച്ചുവെന്നും ഹെ​ഗ്‍ഡെ അഭിപ്രായപ്പെട്ടു. ശബരിമല വിഷയത്തിൽ കൃത്യമായ നിർദ്ദേശങ്ങളാണ് സുപ്രീംകോടതിയിൽ നിന്ന് ലഭിച്ചത്. അത് അംഗീകരിക്കുന്നു. പക്ഷേ ക്രമസമാധാനം സംസ്ഥാനത്തിന്റെ ചുമതലയാണ്. അതുകൊണ്ടു ജനങ്ങളുടെ വിശ്വാസത്തെ ബാധിക്കാത്ത രീതിയില്‍ നയതന്ത്രപരമായി വിഷയം കൈകാര്യം ചെയ്യണമായിരുന്നു– അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയത്തിൽ ഇതാദ്യമായാണ് ഒരു കേന്ദ്രമന്ത്രി ഇത്ര രൂക്ഷമായ ഭാഷയിൽ സംസ്ഥാന സർക്കാരിനെതിരെ പ്രതികരിക്കുന്നത്. നേരത്തേ കര്‍ണാടകയിൽ മന്ത്രിക്കെതിരെ പ്രതിഷേധിച്ച ദലിത് പ്രക്ഷോഭകരെ റോഡിൽ കുരയ്ക്കുന്ന പട്ടികളെന്നാണു ഹെഗ്ഡെ വിശേഷിപ്പിച്ചത്.