സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരക്കെ അക്രമം; ബസുകളൊന്നും ഓടുന്നില്ല; സിപിഎം ഓഫിസിന് തീയിട്ടു

single-img
3 January 2019

ബി.ജെ.പി പിന്തുണയോടെ ശബരിമല കര്‍മസമിതി നടത്തുന്ന ഹര്‍ത്താല്‍ സംസ്ഥാനത്ത് പുരോഗമിക്കുന്നു. പലയിടത്തും അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബസുകളൊന്നും ഓടുന്നില്ല. ഏതാനും സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് രാവിലെ നിരത്തിലിറങ്ങിയത്. തിരുവനന്തപുരത്ത് ട്രയിനില്‍ കുഴഞ്ഞുവീണ ഒരാള്‍ മരിച്ചു. ആശുപത്രിയിലെത്തിക്കാന്‍ സമയത്ത് ആംബുലന്‍സ് ലഭിച്ചില്ലെന്ന് ആരോപണമുണ്ട്.

കോഴിക്കോട് വിവിധ ഭാഗങ്ങളില്‍ ഹര്‍ത്താലനുകൂലികള്‍ വഴി തടയുന്നു. റോഡുകളില്‍ ടയര്‍ കത്തിച്ചും കല്ലുകള്‍ നിരത്തിയും ഗതാഗതം തടസപ്പെടുത്തുന്നു. കൊയിലാണ്ടിയില്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി. പാലക്കാട് വെണ്ണക്കരയില്‍ ഇഎംഎസ് സ്മാരകവായനശാലയ്ക്ക് പുലര്‍ച്ചെ തീയിട്ടു. മലപ്പുറം തവനൂരില്‍ സി.പി.എം ഓഫിസിന് രാത്രി തീയിട്ടു. കൊച്ചിയിലും ഇടുക്കിയിലും ബി.ജെ.പി പ്രാദേശികനേതാക്കളെ കരുതല്‍ തടങ്കലിലാക്കി. 

പയ്യന്നൂരും കൊട്ടാരക്കരയിലും കെഎസ്ആർടിസി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. ഇന്നലെ സര്‍വീസ് നടത്താന്‍ ശ്രമിച്ച 57 കെഎസ്ആർടിസി ബസുകള്‍ തകര്‍ത്തു. ഇന്ന് സര്‍വീസ് നടത്താനാകില്ലെന്ന നിലപാടിലാണ് കെഎസ്ആര്‍ടിസി.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേയ്ക്ക് പോകുന്നവര്‍ക്ക് പോലീസ് വാഹനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസി സര്‍വീസ് നടത്താന്‍ തയ്യാറായാല്‍ സംരക്ഷണം നല്‍കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. സെക്രട്ടറിയേറ്റിന് മുന്നില്‍ രാവിലെ ബിജെപി-ശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍ പ്രകടനം നടത്തും.

രാവിലെ റെയില്‍വേ സ്‌റ്റേഷനുകളില്‍ എത്തിയ അയ്യപ്പന്‍മാര്‍ അടക്കമുള്ള യാത്രക്കാര്‍ വാഹനം കിട്ടാതെ പ്രയാസപ്പെടുന്നുണ്ട്. ചിലയിടങ്ങളില്‍ ചെറിയ തോതില്‍ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പലയിടങ്ങളിലും കടകള്‍ നിര്‍ബന്ധിച്ച് അടപ്പിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.