വിധി അനുസരിക്കുകയാണു സര്‍ക്കാര്‍ ചെയ്തത്; ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കാനാണു സംഘപരിവാര്‍ ശ്രമിക്കുന്നത്; ശബരിമല തന്ത്രി സ്ഥാനമൊഴിയണമെന്നും മുഖ്യമന്ത്രി

single-img
3 January 2019

സുപ്രീംകോടതി വിധി അനുസരിക്കാനാകില്ലെങ്കിൽ‌ തന്ത്രി സ്ഥാനമൊഴിയണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയില്‍ ആചാരലംഘനം നടന്നതായി കാണിച്ചു തന്ത്രി നട അടച്ചതു വിചിത്രമാണ്. സുപ്രീം കോടതിവിധിയുടെ ലംഘനമാണ്.

തന്ത്രിയുടെ ഭാഗം കൂടി കേട്ടാണ് കോടതി വിധി ഉണ്ടായത്. വിധി നടപ്പാക്കാനാകില്ലെങ്കില്‍ തന്ത്രി സ്ഥാനം ഒഴിയണം. ക്ഷേത്രം അടക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ദേവസ്വം ബോര്‍ഡാണ്. അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ദേവസ്വം ബോര്‍ഡാണ് പരിശോധിക്കേണ്ടത്. മുഖ്യമന്ത്രി വ്യക്തമാക്കി.

ഇപ്പോള്‍ പ്രവേശിച്ച യുവതികള്‍ നേരത്തേ ദര്‍ശനത്തിനു ശ്രമിച്ചിരുന്നു. പല കാരണങ്ങളാല്‍ നടക്കാതെ വന്നപ്പോള്‍ താല്‍ക്കാലികമായി അവര്‍ മടങ്ങിപ്പോയി. കഴിഞ്ഞ ദിവസം അവര്‍ വീണ്ടും പൊലീസിനെ സമീപിച്ചു. കോടതി വിധി നടപ്പിലാക്കാന്‍ ബാധ്യതപ്പെട്ട പൊലീസ് അവര്‍ക്കു സുരക്ഷ ഒരുക്കി. അവര്‍ ഹെലികോപ്റ്ററിലല്ല ശബരിമലയിലെത്തിയത്. സാധാരണ ഭക്തര്‍പോകുന്ന വഴിയേ ആണ് പോയത്. അവര്‍ക്കു പ്രത്യേക പരിഗണനയൊന്നും ഉണ്ടായില്ല. മറ്റു ഭക്തര്‍ക്കൊപ്പം ദര്‍ശനം നടത്തി. ദര്‍ശനത്തിനുള്ള സൗകര്യം മറ്റു ഭക്തര്‍ ഒരുക്കി കൊടുത്തു. ഒരു എതിര്‍പ്പും ഭക്തരില്‍നിന്ന് ഉണ്ടായില്ല.

അവര്‍ മടങ്ങിയശേഷമാണു വിവരം പുറത്തറിഞ്ഞത്. വാര്‍ത്ത പുറത്തുവന്നിട്ടും ഒരു സംഘര്‍ഷവും ഉണ്ടായില്ല. സ്വാഭാവിക പ്രതിഷേധം നാട്ടിലില്ല, അയ്യപ്പ ഭക്തരിലില്ല എന്നാണു മനസിലാക്കേണ്ടത്. സംഘര്‍ഷം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നവര്‍ വെറുതേയിരിക്കില്ലല്ലോ. യുവതികള്‍ ദര്‍ശനം നടത്തി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും സംഘര്‍ഷം ഉണ്ടാകാതെ വന്നപ്പോള്‍, സംഘര്‍ഷം ഉണ്ടാക്കാനുള്ള നിര്‍ദേശങ്ങള്‍ സംഘപരിവാര്‍ നേതാക്കള്‍ അണികള്‍ക്കു കൊടുക്കുന്ന നിലയുണ്ടായി. പിന്നീടു നടന്നത് ആസൂത്രിത നീക്കമാണ്. രാഷ്ട്രീയ താല്‍പര്യത്തോടെയുള്ള വ്യക്തമായ ഇടപെടലായാണു ഇതിനെ മന്ത്രിസഭ കാണുന്നത്. ഇത്തരം നീക്കങ്ങളെ ശക്തമായി നേരിടും. ഒരു അക്രമവും വച്ചു പൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സ്ത്രീ പ്രവേശനത്തില്‍ സര്‍ക്കാരിന് വാശിയില്ല. എന്നാല്‍ കോടതി വിധി പ്രകാരം സുരക്ഷ നല്‍കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ട്. ഇത് വിശ്വാസത്തോടുള്ള എതിര്‍പ്പല്ല. ഭരണഘടയോടുള്ള ഉത്തരവാദിത്വമാണ്. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ മതനിരപേക്ഷത സംരക്ഷിക്കുന്ന നിലപാട് ഉയര്‍ത്തിപ്പിടിക്കണം.

പൊതുവെ മാധ്യമങ്ങള്‍ പോസിറ്റീവായ നിലപാടാണ് സ്വീകരിക്കുന്നത്. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ വനിതാ മതില്‍ പുതിയ അധ്യായമാണ് രചിച്ചത്. ഇത് ഭാവി കേരളത്തിന്റെ ദിശ തീരുമാനിക്കാന്‍ പ്രാപ്തി ഉള്ളതാണ്. എല്ലാ തരത്തിലുള്ള വനിതകള്‍ ഒരു സമ്മര്‍ദ്ദവുമില്ലാതെ മതിലില്‍ അണിനിരന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.