ശബരിമല കര്‍മസമിതി പ്രവര്‍ത്തകന്‍ മരിച്ചത് തലക്കേറ്റ ക്ഷതം മൂലമെന്ന് പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്

single-img
3 January 2019

പന്തളത്ത് ശബരിമല കര്‍മസമിതി പ്രവര്‍ത്തകന്‍ ചന്ദ്രന്‍ ഉണ്ണിത്താന്‍റെ മരണകാരണം തലക്കേറ്റ ഗുരുതര പരുക്കുകള്‍. തലയോട്ടി തകര്‍ന്ന നിലയിലാണെന്നും അമിത രക്തസ്രാവവും മരണകാരണമായെന്നും പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. തലയില്‍ നിരവധി ക്ഷതങ്ങള്‍ കണ്ടെത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്.

ആന്‍ജിയോപ്ലാസ്റ്റി ചെയ്ത വ്യക്തിയാണ്. കൂടുതല്‍ വിശദമായ പരിശോധനകള്‍ക്കായി സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ പരിശോധനാ ഫലങ്ങള്‍ പുറത്തുവന്നാല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകു.  അസിസ്റ്റന്റ് പോലീസ് സര്‍ജന്‍ ദീപുവിന്റെ നേതൃത്വത്തിലാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.

മൂക്കിലും വായിലും ചെവിയിലും നിന്ന് രക്തം വാര്‍ന്നൊഴുകുന്ന നിലയിലാണ് ശബരിമലകര്‍മ സമിതി പ്രവര്‍ത്തകന്‍ ചന്ദ്രന്‍ ഉണ്ണിത്താനെ ആശുപത്രിയിലെത്തിച്ചതെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. രാത്രി 8.40 നാണ് ആശുപത്രിയിലെത്തിച്ചത് . ഒന്‍പതേമുക്കാലോടെ ഹൃദയസ്തംഭനമുണ്ടായി. ഇന്നലെ രാത്രിയാണ് സംഘര്‍ഷത്തിനിടെയുണ്ടായ സിപിഎം കല്ലേറില്‍ ചന്ദ്രന് പരുക്കേറ്റത്.

മരണകാരണ ഹൃദയസ്തംഭനം മൂലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മുമ്പ് പ്രസ്താവിച്ചിരുന്നു. പോസ്റ്റ് മോര്‍ട്ടം നടക്കുന്നതിന് മുമ്പേ ഇങ്ങനെ പറഞ്ഞത് വിവാദമായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയെന്നാണ് ബിജെപി ആരോപിച്ചത്. 

അല്‍പ്പസമയത്തിന് മുമ്പാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഉണ്ണിത്താന്റെ മൃതദേഹം  ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തത്. മൃതദേഹം തിരുവല്ല സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിക്കും. തുടര്‍ന്ന് നാളെയാണ് സംസ്‌കാരം നടത്തുക.