ബുലന്ദ്ശഹര്‍ കൊലപാതകം: മുഖ്യ പ്രതിയായ ബജ്‌റംഗ് ദള്‍ നേതാവ് പിടിയില്‍

single-img
3 January 2019

ബുലന്ദ്ശഹറില്‍ പൊലീസ് ഇന്‍സ്‌പെക്ടറുടെ കൊലപാതകത്തിന് കാരണമായ കലാപക്കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. ബജ്‌റംഗദള്‍ ജില്ല കോര്‍ഡിനേറ്ററായ യോഗേഷ് രാജാണ് അറസ്റ്റിലായത്. സംഭവം നടന്ന് ഒരു മാസം പിന്നിടുമ്പോള്‍ ബജ്‌റംഗദള്‍ വിട്ടുനല്‍കിയത് കൊണ്ട് മാത്രമാണ് യോഗേഷ് രാജിനെ അറസ്റ്റ് ചെയ്യാനായതെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ബുലന്ദ്ശഹറില്‍ പശുവിന്റെ ജഡാവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനുപിന്നാലെ പൊട്ടിപ്പുറപ്പെട്ട ആള്‍ക്കൂട്ട ആക്രമണം നിയന്ത്രിക്കാനെത്തിയ ഇന്‍സ്പെക്ടര്‍ സുബോധ് കുമാറിനെയും സംഘത്തെയും ആള്‍ക്കൂട്ടം ആക്രമിക്കുകയായിരുന്നു. തലയ്ക്ക് വെടിയേറ്റാണ് സുബോധ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രദേശവാസിയായ ഒരാളും കൊല്ലപ്പെട്ടിരുന്നു.

സുബോധ് കുമാര്‍ സിങ് 2015-ല്‍ ദാദ്രിയില്‍ പശുവിനെ കൊലപ്പെടുത്തി ഭക്ഷിച്ചുവെന്നാരോപിച്ച് അഖ്‌ലാഖ് എന്നയാളെ കൊലപ്പെടുത്തിയ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനായിരുന്നു. കേസില്‍ നേരത്തെ അറസ്റ്റിലായ സൈനികന്‍ ജിതേന്ദ്ര മാലിക്ക് ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. പോലീസ് ഉദ്യോഗസ്ഥനെ മഴു ഉപയോഗിച്ച് വെട്ടിയ പ്രതിയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.