ഹര്‍ത്താലില്‍ അക്രമം നടത്തിയവരെ കണ്ടെത്താന്‍ ‘ബ്രോക്കന്‍ വിന്‍ഡോ’; 266 പേര്‍ അറസ്റ്റില്‍; രാത്രിയോടെ കൂടുതൽ അറസ്റ്റുണ്ടാകും

single-img
3 January 2019

ശബരിമല കര്‍മസമിതിയുടെ ഹര്‍ത്താലില്‍ അക്രമം നടത്തിയവരെ പിടികൂടാന്‍ ഓപ്പറേഷന്‍ ബ്രോക്കണ്‍ വിന്‍ഡോയുമായി പോലീസ്. പ്രത്യേകദൗത്യസംഘത്തെ നിയോഗിച്ച് വ്യാപകമായ തിരച്ചില്‍ നടത്തിയാണ് പോലീസ് പ്രതികളെ പിടികൂടുന്നത്.  സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നടന്ന അക്രമസംഭവങ്ങളില്‍ ഇതുവരെ 266 പേരെ അറസ്റ്റ് ചെയ്തു. 334 പേര്‍ കരുതല്‍ തടങ്കലിലാണ്.

രാത്രിയോടെ കൂടുതൽ അറസ്റ്റുണ്ടാകും. അറസ്റ്റിലാകുന്നവർക്കെതിരെ കനത്ത വകുപ്പുകളിൽ കേസെടുക്കാനാണ് തീരുമാനം. അക്രമസംഭവങ്ങളില്‍ പങ്കെടുത്തവരെ അറസ്റ്റ് ചെയ്യുന്നതിന് എല്ലാ ജില്ലാപോലീസ് മേധാവിമാരും പ്രത്യേക സംഘത്തിന് രൂപം നല്‍കും. ശബരിമലയിലേക്കും മറ്റ് ജില്ലകളിലേക്കും പോയ പ്രവര്‍ത്തകരെ തിരിച്ചറിയുന്നതിനും അറസ്റ്റ് ചെയ്യുന്നതിനും ജില്ലകളിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് നടപടി സ്വീകരിക്കും. സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ചും രഹസ്യാന്വേഷണം നടത്തി അക്രമികളുടെ ലിസ്റ്റ് തയ്യാറാക്കി ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് കൈമാറും.

അക്രമികളുടെയും സംശയിക്കപ്പെടുന്നവരുടെയും മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്ത് ഡിജിറ്റല്‍ പരിശോധന നടത്തും. ആവശ്യമെങ്കില്‍ അവരുടെ വീടുകളില്‍ ആയുധങ്ങള്‍ കണ്ടെത്തുന്നതിനും മറ്റുമായി പരിശോധന നടത്തും. ഇത്തരം കുറ്റവാളികളുടെ ഡാറ്റാബേസ് എല്ലാ ജില്ലകളിലും സൂക്ഷിക്കുകയും ഭാവിയില്‍ അവ കൃത്യമായി നിരീക്ഷിക്കുകയും ചെയ്യും. കുറ്റക്കാരെ ഉള്‍പ്പെടുത്തി ഫോട്ടോ ആല്‍ബം തയ്യാറാക്കുന്നതിന് ജില്ലാ പൊലീസ് മേധാവിമാര്‍ ഡിജിറ്റല്‍ ടീമിന് രൂപം നല്‍കുകയും കുറ്റക്കാരെ അറസ്റ്റ് ചെയ്യുന്നതിന് ഈ ആല്‍ബം ഉദ്യോഗസ്ഥര്‍ക്കിടയില്‍ പ്രചരിപ്പിക്കുകയും ചെയ്യും.

ശബരിമല യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാനത്ത് പരക്കെ അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പലയിടത്തും പ്രതിഷേധ പ്രകടനങ്ങള്‍ അക്രമാസക്തമായി. നിരവധി കടകളും വാഹനങ്ങളും നശിപ്പിച്ചു. ചിലയിടത്ത് സി.പി.എം-ബി.ജെ.പി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. തിരുവനന്തപുരത്തും, കൊല്ലത്തും കോഴിക്കോടും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരേയും ആക്രമണമുണ്ടായി. പലയിടത്തും ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്.