‘അത്തരം കഥാപാത്രങ്ങള്‍ പാടില്ലെന്നു ഞാന്‍ പറഞ്ഞിട്ടില്ല’: കസബ വിവാദത്തില്‍ വീണ്ടും പ്രതികരിച്ച് നടി പാര്‍വതി

single-img
2 January 2019

കസബ സിനിമയില്‍ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഡയലോഗിനെ വിമര്‍ശിച്ചതിന്റെ പേരില്‍ രൂക്ഷമായ സൈബര്‍ ആക്രമണം നേരിടേണ്ടി വന്ന നടിയാണ് പാര്‍വതി. പാര്‍വതിയുടെ വിമര്‍ശനം ഏറെ വിവാദങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു.

എന്നാല്‍ താന്‍ പറഞ്ഞത് തെറ്റിദ്ധരിക്കപ്പെട്ടെന്നും സ്ത്രീ വിരുദ്ധ കഥാപാത്രങ്ങളെയല്ല അവയെ മഹത്വവല്‍ക്കരിക്കുന്നതിനെതിരായാണ് താന്‍ അഭിപ്രായം പറഞ്ഞതെന്നുമാണ് പാര്‍വതിയുടെ പുതിയ വെളിപ്പെടുത്തല്‍. ഒരു പ്രമുഖ മാധ്യമത്തിന്റെ പംക്തിയിലായിരുന്നു പാര്‍വതിയുടെ പ്രതികരണം.

സിനിമയിലെ സംഭാഷണങ്ങളില്‍ നിന്ന് അവസരം ലഭിച്ചാല്‍ ആദ്യം വെട്ടാന്‍ ആഗ്രഹിക്കുന്ന വാക്കേത്, എന്തുകൊണ്ട് എന്ന ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി. ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു അഭിപ്രായത്തില്‍ നിന്നാണ് ഈ ചോദ്യം വരുന്നതെന്നും സിനിമയില്‍ സ്ത്രീ വിരുദ്ധമായും സഭ്യമല്ലാതെയും സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങള്‍ പാടില്ലെന്നു ഞാന്‍ പറഞ്ഞിട്ടില്ലെന്നും പാര്‍വതി ഇതിനു മറുപടിയായി പറഞ്ഞു.

സിനിമ സമൂഹത്തെ പ്രതിഫലിപ്പിക്കുന്നതായതു കൊണ്ട് അത്തരം കഥാപാത്രങ്ങള്‍ വേണ്ടി വരും. പക്ഷേ അങ്ങനെയുള്ള കഥാപാത്രങ്ങളെയും സംഭാഷണങ്ങളെയും മഹത്വവത്കരിച്ചും മാതൃകയാക്കിയും കാണിക്കുന്നത് ശരിയില്ല എന്നാണ് പറഞ്ഞതെന്ന് പാര്‍വതി വ്യക്തമാക്കി.