അത് നിര്‍മല സീതാരാമന്റെ മകളല്ല; പ്രചരിച്ചത് വ്യാജവാര്‍ത്ത

single-img
2 January 2019

കണ്ടില്ലേ നിര്‍മല സീതരാമനും മകളും നില്‍ക്കുന്നത് … ഇതാണ് രാജ്യസേവനം, ഇവരെയോര്‍ത്ത് അഭിമാനിക്കുന്നു. കഴിഞ്ഞ ദിവസം വ്യാപകമായി പ്രചരിച്ച ഒരു ചിത്രത്തിന്റെ അടിക്കുറിപ്പുകളായിരുന്നു ഇവ. പ്രതിരോധമന്ത്രി നിര്‍മല സീതാരാമനും വനിതാ സൈനിക ഉദ്യോഗസ്ഥയും നില്‍ക്കുന്ന ചിത്രമാണ് രാജ്യസ്‌നേഹം തുളുമ്പുന്ന അടിക്കുറിപ്പുകളോടെ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. നിര്‍മല സീതാരാമന്റെയും മകളുടെയും ചിത്രമാണ് ഇതെന്ന തരത്തിലായിരുന്നു പ്രചാരണം.

സത്യത്തില്‍ ചിത്രത്തിൽ കേന്ദ്ര പ്രതിരോധ മന്ത്രി നിർമല സീതാരാമനൊപ്പം നിൽക്കുന്ന പെൺകുട്ടി മന്ത്രിയുടെ മകളല്ല. സമൂഹമാധ്യമങ്ങൾ പരത്തുന്ന വ്യാജവാർത്തകളിൽ ഒന്നു മാത്രം. നികിത വീരയ്യ എന്ന ചെറുപ്പക്കാരിയായ സൈനിക ഉദ്യോഗസ്ഥയാണു ചിത്രത്തിലുള്ളതെന്നാണു സൈനിക വൃത്തങ്ങൾ പറയുന്നത്. അതു മന്ത്രിയുടെ മകളല്ലെന്നും ഒൗദ്യോഗിക സന്ദർശനവേളയിൽ മന്ത്രിയെ സഹായികിക്കാനായി നിയോഗിച്ച യുവ സൈനിക ഉദ്യോഗസ്ഥയാണെന്നും അവർ പറയുന്നു.

ഔദ്യോഗിക രേഖകൾ പ്രകാരം വാങ്മയി എന്നാണ് നിർമല സീതാരാമന്റെ മകളുടെ പേര്. മകൾക്കൊപ്പമുള്ള മന്ത്രിയുടെ മറ്റു വിഡിയോകളും ചിത്രങ്ങളും പരിശോധിച്ചാൽ ഇൗ ചിത്രത്തിലുള്ളതു മന്ത്രിപുത്രിയല്ലെന്നു നിസ്സംശയം മനസ്സിലാക്കാം. ബിജെപി അനുകൂല ഫെയ്സ്ബുക്ക് പേജുകളിലൂടെയാണു വ്യാജ വിവരം സഹിതം ചിത്രം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്.