നാളെ മാറ്റിവെച്ചത് ഈ പരീക്ഷകള്‍ മാത്രം

single-img
2 January 2019

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചതിനെതിരെ ശബരിമല കര്‍മസമിതി പ്രഖ്യാപിച്ച ഹര്‍ത്താലിനെ തുടര്‍ന്ന് വ്യാഴാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, സര്‍വകലാശാല പരീക്ഷകളാണു മാറ്റിയത്.

കേരള സര്‍വകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

സാങ്കേതിക സര്‍വകലാശാല നടത്താനിരുന്ന മുഴുവന്‍ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് കെടിയു അക്കാദമിക് ഡീന്‍ ഡോ.ജെ. ശ്രീകുമാര്‍ അറിയിച്ചു

ഹയര്‍ സെക്കന്‍ഡറി/വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി അര്‍ധവാര്‍ഷിക പരീക്ഷ 4/1/2019 ലേക്ക് മാറ്റിവച്ചിരിക്കുന്നു ടൈംടേബിളില്‍ മാറ്റം ഉണ്ടായിരിക്കുന്നതല്ല.

ആരോഗ്യ സര്‍വകലാശാല എല്ലാ പരീക്ഷകളും മാറ്റിവച്ചു.

കാര്‍ഷിക, വെറ്ററിനറി സര്‍വകലാശാലകളില്‍ പ്രത്യേക പരീക്ഷകളില്ല. കാര്‍ഷിക സര്‍വകലാശാല മൂന്ന് കേന്ദ്രങ്ങളില്‍ (തിരുവനന്തപുരം വെള്ളായണി, തൃശൂര്‍ വെള്ളാനിക്കര, കാസര്‍കോട്) നടത്താനിരുന്ന കുടുബശ്രീ ജീവ മിഷന്‍ പരിശീലനം മാറ്റിവച്ചു.

അതേസമയം, ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി സമിതി. സംഘടനയുടെ കീഴിലുള്ളവര്‍ കടകള്‍ തുറക്കുമെന്നും സമിതി വ്യക്തമാക്കി. വ്യാപാരി വ്യവസായി ഏകോപന സമിതിയും ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് പ്രസിഡന്റ് ടി. നസീറുദ്ദീന്‍ അറിയിച്ചു.

ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. കോഴിക്കോട് മിഠായിത്തെരുവിലടക്കം കടകള്‍ തുറക്കുമെന്നും അവര്‍ വ്യക്തമാക്കി. തുടര്‍ച്ചയായി ഹര്‍ത്താലുകള്‍ വന്നതോടെ ഇനി ഹര്‍ത്താലുകളോട് സഹകരിക്കേണ്ടതില്ലെന്ന് വ്യാപാരികള്‍ തീരുമാനമെടുത്തിരുന്നു. ഇതിന്റെ ഭാഗമായാണ് വ്യാഴാഴ്ചത്തെ ഹര്‍ത്താലിനോട് സഹകരിക്കേണ്ടതില്ലെന്ന തീരുമാനം കൈക്കൊണ്ടത്.

വ്യാഴാഴ്ച രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ശബരിമല കര്‍മസമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഹര്‍ത്താലിന് പിന്തുണ നല്‍കുമെന്ന് ബിജെപി അറിയിച്ചിട്ടുണ്ട്.