എതിര്‍പ്പുകളെ അവഗണിച്ച് വനിതാ മതിലില്‍ മലപ്പുറത്ത് അണിനിരന്നത് ലക്ഷങ്ങള്‍

single-img
1 January 2019

നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനായി തോളോടുതോള്‍ ചേര്‍ന്ന് ചരിത്രമതില്‍ രചിച്ച് കേരളത്തിലെ വനിതകള്‍. സര്‍ക്കാരിന്റെയും ഇടതുമുന്നണിയുടെയും സാമുദായിക സംഘടനകളുടെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച വനിതാ മതിലില്‍ ലക്ഷങ്ങള്‍ അണിനിരന്നു. കാസര്‍കോട് മന്ത്രി കെ.കെ. ശൈലജ മതിലിന്റെ ആദ്യ കണ്ണിയായി.

വനിതാ മതിലില്‍ പങ്കെടുക്കരുതെന്ന സമുദായ സംഘടനാ നേതാക്കളുടെ എതിര്‍പ്പുകളെ അവഗണിച്ച് മലപ്പുറത്തടക്കം ലക്ഷങ്ങളാണ് മതിലില്‍ അണിനിരന്നത്. മലപ്പുറത്ത് മന്ത്രി കെ.ടി ജലീല്‍ നേതൃത്വം നല്‍കി. നേരത്തെ വനിതാ മതിലുമായി സഹകരിക്കാനാവില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ യുവജനവിഭാഗം സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞിരുന്നു.

സ്ത്രീകളെ പരസ്യമായി പൊതുനിരത്തില്‍ ഇറക്കുന്ന വനിതാമതിലുമായി സഹകരിക്കില്ലെന്നും മതത്തിന്റെ പരിധിക്കപ്പുറത്ത് സ്ത്രീകളെ കൊണ്ടുവരുന്നതിനെ അനുകൂലിക്കാനാകില്ലെന്നും അബ്ദുസമദ് പറഞ്ഞിരുന്നു. എന്നാല്‍ സമുദായ സംഘടകളുടെ എതിര്‍പ്പുകളെ മറികടന്ന് മലപ്പുറം ജില്ലയില്‍ മുസ്‌ലിം സ്ത്രീകളുടെ വന്‍ ജനപങ്കാളിത്തമാണുണ്ടായത്.

തിരുവനന്തപുരത്ത് ബൃന്ദ കാരാട്ടായിരുന്നു അവസാന കണ്ണി. തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ടേക്കുള്ള ദിശയില്‍ റോഡിന്റെ ഇടതുവശത്തായിരുന്നു വനിതാ മതില്‍. മൂന്നു മണിയോടെ മതിലില്‍ പങ്കെടുക്കാനുള്ളവര്‍ മുന്‍നിശ്ചയിച്ച സ്ഥാനങ്ങളില്‍ എത്തിച്ചേര്‍ന്നു. മൂന്നരയ്ക്കായിരുന്നു ട്രയല്‍. നാലിന് പ്രതിജ്ഞ ചൊല്ലിക്കൊണ്ട് മതിലിന് തുടക്കമായി. തുടര്‍ന്ന് കാല്‍ മണിക്കൂറോളം വനിതകള്‍ മതിലില്‍ അണിചേര്‍ന്നു. തുടര്‍ന്ന് പ്രധാനകേന്ദ്രങ്ങളില്‍ സംഘടിപ്പിച്ചിരിക്കുന്ന പൊതുയോഗം.