19 കാരിയുടെ സംഗീതത്തിന് മുന്നില്‍ ക്യാന്‍സറും മുട്ടുമടക്കി; പാട്ടുപാടിക്കൊണ്ട് അപൂര്‍വ്വ ശസ്ത്രക്രിയ

single-img
1 January 2019

കിര ലകോണേറ്റിക് എന്ന 19 കാരി വാഷിംഗ്ടണിലെ സംഗീത വേദികളിലെ നിറ സാന്നിധ്യമായിരുന്നു. സംഗീതം തന്നെ ജീവിതമായി കണ്ടിരുന്ന കിരയുടെ ജീവിതത്തിലേക്ക് വില്ലനായി ട്യൂമര്‍ കടന്നുവന്നത് നാലുവര്‍ഷം മുന്‍പാണ്. തലച്ചോറിനുള്ളില്‍ ഒരു മാര്‍ബിള്‍ വലിപ്പത്തില്‍ ആയിരുന്നു ട്യൂമര്‍.

പാടുകയും പാട്ടുകേള്‍ക്കുകയും ചെയ്യുമ്പോള്‍ തലയ്ക്കുള്ളില്‍ സഹിക്കാനാവാത്ത വേദനയും ബുദ്ധിമുട്ടും ആയിരുന്നു അവളുടെ രോഗലക്ഷണം. 10 ലക്ഷത്തില്‍ ഒരാള്‍ക്കു മാത്രം കണ്ടുവരുന്ന പ്രത്യേകതരം ട്യൂമര്‍ ആയിരുന്നു കിരയുടെ സംഗീതലോകം കാര്‍ന്നു തിന്നുകൊണ്ടിരുന്നത്.

പ്രത്യേകതരത്തിലുള്ള ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ അപസ്മാരം ഉണ്ടാക്കുന്ന മ്യൂസിക്കോജനിക് എ പിലപ്‌സി എന്ന രോഗമാണ് കിരയുടെ തലച്ചോറില്‍ ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. ട്യൂമര്‍ നീക്കം ചെയ്യുന്നതോടെ കിരയ്ക്ക് പാടാനുള്ള കഴിവ് എന്നെന്നേക്കുമായി നഷ്ടപ്പെടും എന്ന് വൈദ്യശാസ്ത്രം വിധിയെഴുതി.

എന്നാല്‍ സംഗീതമില്ലാതെ കിര എന്ന പെണ്‍കുട്ടി ഇല്ലെന്ന് അവളെ ചികിത്സിച്ച ഡോക്ടര്‍ ജസണ്‍ ഹോപ്ട്മാന് തിരിച്ചറിഞ്ഞു. അവളുടെ സംഗീതലോകത്തേക്ക് തിരിച്ചുകൊണ്ടുവരാനായി അദ്ദേഹം അപൂര്‍വ്വമായ ഒരു ശസ്ത്രക്രിയയ്ക്ക് തുനിഞ്ഞിറങ്ങി. സെപ്റ്റംബര്‍ നാലിന് അദ്ദേഹം കിരയെ ഓപ്പറേഷനു വിധേയയാക്കി.

അനസ്‌തേഷ്യ നല്‍കിയ ശേഷം കിരയോട് ശസ്ത്രക്രിയ പൂര്‍ത്തിയാകുംവരെ പാട്ടു പാടാന്‍ ഡോക്ടര്‍ ജസന്‍ ആവശ്യപ്പെട്ടു. ഇതിനുപുറമേ ഓപ്പറേഷന്‍ തീയേറ്ററില്‍ സംഗീതം കേള്‍ക്കാനുള്ള സൗകര്യവുമൊരുക്കി. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഐലന്‍ഡ് ഇന്‍ ദ സണ്‍ എന്ന ഗാനമാണ് കിര പാടിയത്.

ട്യൂമര്‍ നീക്കം ചെയ്ത് 48 മണിക്കൂറിനുള്ളില്‍ അവള്‍ പഴയതുപോലെ സംഗീത ലോകത്തിലേക്ക് തിരിച്ചെത്തി.
സംഗീതം കൊണ്ട് ട്യൂമര്‍ ശസ്ത്രക്രിയ നടത്തി വിജയിച്ച കിരയുടെ ശസ്ത്രക്രിയ ചിത്രങ്ങളും വീഡിയോകളും
സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്.