മുത്തലാഖ് ബില്‍ വര്‍ഗീയ ബില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി; ബില്ല് പരാജയപ്പെടുത്താന്‍ മുസ്ലിം ലീഗ് മുന്‍കൈ എടുക്കും

single-img
31 December 2018

ദില്ലി: കുഞ്ഞാലിക്കുട്ടി മുത്തലാഖ് ബില്ല് പരാജയപ്പെടുത്താന്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് മുന്‍കൈ എടുക്കുമെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി. ബില്ലിനെ എതിര്‍ക്കാന്‍ യുപിഎക്ക് പുറത്തുള്ള കക്ഷികളുടെ കൂടി സഹായം തേടുമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ബിജെപി മുത്തലാഖ് ബില്ലുമായി വന്നതെന്നും കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു. രാജ്യസഭയില്‍ മുത്തലാഖ് ബില്ലിനെ എന്തുവില കൊടുത്തും പരാജയപ്പെടുത്തുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതേസമയം, മുത്തലാഖ് ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് പ്രമേയം അവതരിപ്പിക്കും. രാജ്യസഭയില്‍ പ്രമേയം അവതരിപ്പിക്കുന്നത് ഗുലാംനബി ആസാദും വന്ദന ചവാനും ആണ്.

മുത്തലാഖ് ബില്‍ രാജ്യസഭയില്‍ വോട്ടിനിട്ടാല്‍ ഭരണകക്ഷിയെ മുട്ടുകുത്തിക്കാമെന്ന ആത്മവിശ്വാസത്തിലാണ് പ്രതിപക്ഷം. 244 അംഗ സഭയില്‍ കോണ്‍ഗ്രസിനു പുറമേ 14 കക്ഷികളും സ്വതന്ത്രരും നോമിനേറ്റഡ് അംഗവും ചേരുമ്പോള്‍ പ്രതിപക്ഷത്തിന്റെ അംഗബലം 117 ആകും. അണ്ണാ ഡിഎംകെ (13) കൂടി ചേര്‍ന്നാല്‍ 130 ആകും. ബില്ലിനെ രാജ്യസഭയിലും എതിര്‍ക്കുമെന്ന് അണ്ണാഡിഎംകെ നേതാവും ലോക്‌സഭാ ഡപ്യൂട്ടി സ്പീക്കറുമായ എം. തമ്പിദുരൈ പറഞ്ഞു. ബില്ലിനെ ഡിഎംകെയും എതിര്‍ക്കുമെന്നും ബില്‍ സെലക്ട് കമ്മിറ്റിക്കു വിടണമെന്നാണു നിലപാടെന്നു കനിമൊഴി എംപി പറഞ്ഞു. ബിജെഡി (9), ടിആര്‍എസ് (6) എന്നിവ ഒപ്പം നിന്നാലും 113നു മുകളില്‍ ഭരണകക്ഷിയുടെ അംഗബലം ഉയരില്ലെന്നാണു കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍.