ഇന്ത്യൻ സൈനിക പോസ്റ്റ് ആക്രമിക്കാനെത്തിയ രണ്ട് പാക്ക് നുഴഞ്ഞുകയറ്റക്കാരെ സൈന്യം വധിച്ചു

single-img
31 December 2018

ശ്രീനഗർ: നുഴഞ്ഞുകയറി ഇന്ത്യൻ സൈനിക പോസ്റ്റ് ആക്രമിക്കാനെത്തിയ പാക്ക് സൈനികരെന്നു കരുതുന്ന രണ്ടുപേരെ ഇന്ത്യൻ സൈന്യം വധിച്ചു.

ശക്തമായ ചെറുത്തുനിൽപ്പു നടത്തിയ ഇന്ത്യൻ സൈന്യം പാക് സംഘത്തിലുണ്ടായിരുന്ന രണ്ടുപേരെ വധിക്കുകയായിരുന്നു.

നൗഗാം സെക്ടറിൽ നിയന്ത്രണരേഖയ്ക്കു സമീപം ഞായറാഴ്ച പുലർച്ചെയോടെയായിരുന്നു സംഭവം. നുഴഞ്ഞുകയറ്റത്തിനു മറയായി ശക്തമായ വെടിവയ്പ്പ് പാക്കിസ്ഥാൻ നടത്തിയിരുന്നു. കൂടുതൽപ്പേർ ഉണ്ടോയെന്നു വ്യക്തമല്ല.

മൃതദേഹങ്ങൾ തിരികെക്കൊണ്ടുപോകാൻ പാക്കിസ്ഥാനോട് ആവശ്യപ്പെടുമെന്നു സൈനിക വക്താവ് പറഞ്ഞു. നിയന്ത്രണരേഖയ്ക്കു സമീപം കാടിന്റെ മറവിലൂടെയാണ് പാക്കിസ്ഥാനി ബോർഡർ ആക്‌ഷന്‍ ടീം (ബിഎടി) ആക്രമണത്തിനെത്തിയത്. നിയന്ത്രണരേഖയിൽ വിന്യസിച്ചിരുന്ന ഇന്ത്യൻ സൈന്യം പെട്ടെന്നുതന്നെ ഇവരുടെ നീക്കങ്ങൾ തിരിച്ചറിഞ്ഞു. രാത്രി ഉടനീളം ശക്തമായ വെടിവയ്പ്പു തുടർന്നു. തിരച്ചിലിനിറങ്ങിയ സൈന്യം പാക്ക് സൈനികരെന്നു കരുതുന്ന രണ്ടുപേരെ വധിക്കുകയായിരുന്നു. ഇവരിൽനിന്ന് വൻതോതിലുള്ള ആയുധശേഖരവും പിടിച്ചെടുത്തു. ഇതിൽനിന്നാണ് നൗഗാം സെക്ടറിലെ സൈനിക പോസ്റ്റിനു നേരെ വൻ ഏറ്റുമുട്ടലിനു സജ്ജരായാണ് അവർ എത്തിയതെന്ന് വ്യക്തമായത്.

മേഖലയിൽ തിരച്ചിൽ തുടരുകയാണ്. ഇനിയും പാക്കിസ്ഥാൻകാരുടെ സാന്നിധ്യം ഉണ്ടായേക്കാമെന്നും സൈനിക വക്താവ് അറിയിച്ചു.