‘അവരെ അങ്ങ് കൊന്നു കളഞ്ഞേക്ക്, ബാക്കിയെല്ലാം പിന്നീട് നോക്കാം’; വിദ്യാര്‍ഥികളോട് വി.സിയുടെ കൊലപാതക ആഹ്വാനം

single-img
30 December 2018

ഉത്തര്‍പ്രദേശില്‍ ഒരു മാസത്തിനിടെ രണ്ടു പോലീസ് ഉദ്യോഗസ്ഥര്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ കൊലപാതകത്തെ ന്യായീകരിച്ചുകൊണ്ടുള്ള പുര്‍വഞ്ചാല്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെ പ്രസ്താവന വിവാദമാകുന്നു. വിദ്യാര്‍ഥികളോട് കൊലപാതകം നടത്താന്‍ മടിച്ച് നില്‍ക്കേണ്ടതില്ലെന്ന് ആഹ്വാനം ചെയ്തുള്ള സര്‍വകലാശാല വിസി രാജാ റാം യാദവിന്റെ പ്രസ്താവനയാണ് വിവാദമാകുന്നത്.

” ഈ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്നവരാണ് നിങ്ങളെങ്കിൽ അടിയും മേടിച്ച് കരഞ്ഞു കൊണ്ട് ഇങ്ങോട്ട് കയറി വരരുത്. അടി കിട്ടിയാൽ തിരിച്ച് അങ്ങോട്ടും കൊടുക്കണം. പറ്റിയാൽ, തല്ലിയവരെ അങ്ങ് തീർത്തു കളഞ്ഞേക്കണം. ബാക്കിയെല്ലാം നമുക്ക് പിന്നീട് നോക്കാം. ഇങ്ങനെ പോകുന്നു ഗുരുവിന്റെ ‘ഉപദേശം’. ഒരു പൊലീസ് കോൺസ്റ്റബിളിനെ ആൾകൂട്ടം തല്ലികൊന്ന ഗാസിപൂരിലാണ് വി.സിയുടെ അക്രമണാഹ്വാനം എന്നതും ശ്രദ്ധേയമാണ്.

അലഹബാദ് യൂണിവേഴ്സിറ്റിയിലെ മുൻ പ്രൊഫസറാണ് റാം യാദവ്. കഴിഞ്ഞ വർഷം ഏപ്രിലിലാണ് 350 കോളേജുകൾ അഫിലിയേറ്റഡായുള്ള പൂർവാഞ്ചൽ യുണിവേഴ്സിറ്റി വി.സിയായി റാം യാദവിനെ നിയമിക്കുന്നത്. ഈ വർഷം ഒക്ടോബറിൽ കാമ്പസിനകത്ത് ഹിന്ദുത്വ പരിപാടിക്ക് അനുമതി നൽകിയതുമായി ബന്ധപ്പെട്ടും വി.സിക്കെതിരെ പ്രതിഷേധം ഉയർന്നിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമ്മേളനത്തിന് മണിക്കൂറുകള്‍ക്ക് മുമ്പായി കഴിഞ്ഞ ദിവസം ഗാസിപുരില്‍ നടന്ന ആള്‍ക്കൂട്ട ആക്രമണത്തില്‍ ഒരു പോലീസ് കോണ്‍സ്റ്റബിള്‍ മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൊലപാതകം പ്രോത്സാഹിപ്പിച്ചുക്കൊണ്ടുള്ള ഒരു സര്‍വകലാശാല വിസിയുടെ പ്രസ്താവന പുറത്തുവരുന്നത്.സംഭവത്തില്‍ യുപി പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധ പരിപാടികളുമായി രംഗത്തെത്തിയിട്ടുണ്ട്.