വനിതാമതില്‍: മൂന്ന് ജില്ലകളില്‍ ആക്രമണസാധ്യതയെന്ന് റിപ്പോര്‍ട്ട്; ബിജെപി, സംഘപരിവാര്‍ നേതാക്കളുടെ നീക്കങ്ങള്‍ നിരീക്ഷിക്കാനും നിര്‍ദേശം

single-img
30 December 2018

ജനുവരി ഒന്നിന് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിനെതിരെ ആക്രമണ സാധ്യതയെന്ന് ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് റൂറല്‍ എന്നിവിടങ്ങളിലാണ് ഭീഷണിയുള്ളത്. ഈ സാഹചര്യത്തില്‍ ഇവിടെ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്താന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ മൂന്ന് ജില്ലാ പൊലീസ് മേധാവികള്‍ക്കും നിര്‍ദേശം നല്‍കി.

ശബരിമല കര്‍മ സമിതി 26ന് സംഘടിപ്പിച്ച അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാനെത്തിയവര്‍ക്കെതിരെ കണ്ണൂര്‍, കാസര്‍കോട് അതിര്‍ത്തിപ്രദേശങ്ങളായ ആണൂര്‍, ഓണക്കുന്ന് എന്നിവിടങ്ങളില്‍ ആക്രമണമുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് കര്‍ശന സുരക്ഷാ നിര്‍ദേശം നല്‍കിയിട്ടുള്ളത്.

വനിതാമതിലിനും ഇതില്‍ പങ്കെടുക്കുന്നവര്‍ എത്തുന്ന വാഹനങ്ങള്‍ക്കും നേരെ ആക്രമണ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ആക്രമണ സാധ്യതയുള്ള പ്രദേശങ്ങളിലെ ബിജെപി, സംഘപരിവാര്‍ നേതാക്കളുടെയും പ്രധാന പ്രവര്‍ത്തകരുടെയും നീക്കങ്ങള്‍ നിരീക്ഷിക്കാനും നിര്‍ദേശമുണ്ട്.

കാസര്‍കോട്, മഞ്ചേശ്വരം, ആദൂര്‍, ബേക്കല്‍, അമ്പലത്തറ, വെള്ളരിക്കുണ്ട് സ്റ്റേഷന്‍ പരിധികളിലെ 74 ഇടങ്ങളിലാണ് അതീവശ്രദ്ധ വേണ്ടത്. മതിലില്‍ പങ്കെടുക്കാന്‍ വയനാട്ടില്‍ നിന്നെത്തുന്നവരെയും നിരീക്ഷിക്കും. കണ്ണൂരിലെ കരിവെള്ളൂര്‍, കോത്തായിമുക്ക്, അന്നൂര്‍, കണ്ടോത്ത് പറമ്പ്, തലായി, സെയ്താര്‍പള്ളി എന്നിങ്ങനെ ആറിടത്താണ് നീരീക്ഷണം.