കുഞ്ഞാലിക്കുട്ടി വിശദീകരണം നല്‍കി; തൃപ്തികരമെന്ന് ഹൈദരലി ശിഹാബ്‌ തങ്ങൾ

single-img
30 December 2018

മുത്തലാഖ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന വിഷയത്തില്‍ പി കെ കുഞ്ഞാലിക്കുട്ടി നല്‍കിയ വിശദീകരണം തൃപ്തികരമെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍. മുത്തലാഖ് ബില്‍ വിഷയത്തില്‍ കുഞ്ഞാലിക്കുട്ടി വിശദീകരണം നല്‍കിയതിന് പിന്നാലെയാണ് ഹൈദരലി ശിഹാബ് തങ്ങളുടെ പ്രതികരണം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നു നിര്‍ദേശിച്ച തങ്ങൾ വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും അഭ്യർഥിച്ചു.

കുഞ്ഞാലിക്കുട്ടിയുമായി ഫോണില്‍ സംസാരിച്ചതായി ഹൈദരാലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ജനപ്രതിനിധിയെന്ന നിലയ്ക്കുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കരുത്. ഉത്തരവാദിത്തങ്ങള്‍ ജാഗ്രതയോടെ നിറവേറ്റണമെന്നും അറിയിച്ചിട്ടുണ്ട്. വിശദീകരണം തൃപ്തികരമായതിനാല്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ തുടര്‍നടപടികള്‍ ഇല്ലെന്നും അദ്ദേഹം അറിയിച്ചു.

വോട്ടെടുപ്പില്‍ പങ്കെടുക്കാതെ വിട്ടുനിന്നത് ചന്ദ്രികയുടെ ഗവേണിംഗ് ബോഡിയിൽ പങ്കെടുക്കാനാണെന്നും വിവാഹത്തില്‍ പങ്കെടുത്തത് കൊണ്ടല്ലെന്നും കുഞ്ഞാലിക്കുട്ടി വിശദീകരിച്ചിരുന്നു. വോട്ടെടുപ്പ് ഉണ്ടാകുമെന്നറിഞ്ഞെങ്കിൽ സഭയിൽ എത്തുമായിരുന്നു. ടൈം മാനേജ്മെന്‍റില്‍ പ്രശ്നങ്ങള്‍ വരുന്നുണ്ട്. കേന്ദ്ര, കേരള ചുമതലകൾ ഒന്നിച്ചു കൊണ്ടുപോകൽ പ്രശ്നമുണ്ടാക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

മുത്തലാഖ് വിഷയത്തില്‍ ലോക്‌സഭയില്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാതെ കുഞ്ഞാലിക്കുട്ടി വിവാഹച്ചടങ്ങിന് പോയത് വലിയ വിവാദമാവുകയായിരുന്നു. കുഞ്ഞാലിക്കുട്ടി ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതില്‍ വീഴ്ച്ച വരുത്തിയെന്നാരോപിച്ച് മുസ്ലീം ലീഗിനുള്ളില്‍ വിമര്‍ശനങ്ങള്‍ ശക്തമായിരുന്നു.