മുത്തലാഖ് ബില്‍ വിവാദം പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍; കുഞ്ഞാലിക്കുട്ടി വിശദീകരണം തന്നിട്ടില്ല

single-img
30 December 2018

ലോക്‌സഭയില്‍ മുത്തലാഖ് ബില്‍ വോട്ടെടുപ്പില്‍ നിന്ന് പി.കെ. കുഞ്ഞാലിക്കുട്ടി വിട്ടുനിന്നത് മുസ്‌ലിം ലീഗ് ചര്‍ച്ച ചെയ്യുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം ലഭിച്ചിട്ടില്ല. പി.കെ. കുഞ്ഞാലിക്കുട്ടിയുമായി സംസാരിച്ചിട്ടില്ലെന്നും ഹൈദരലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി.

തിങ്കളാഴ്ച രാജ്യസഭയില്‍ മുത്തലാഖ് ബില്‍ വരുമ്പോള്‍ അത് പരാജയപ്പെടുത്താന്‍ യുപിഎ കക്ഷികളുമായും മറ്റു കക്ഷികളുമായും സഹകരണമുണ്ടാക്കാന്‍ വേണ്ട നടപടികള്‍ ചെയ്യണമെന്നും മുസ്‌ലിം ലീഗ് എംപിമാരോട് നിര്‍ദേശിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവരികയാണ്.

രാജ്യസഭയില്‍ ബില്‍ പരാജയപ്പെടുന്നതോടെ ഇപ്പോഴുള്ള എല്ലാ ആക്ഷേപങ്ങള്‍ക്കും പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു. ബില്‍ ലോക്‌സഭയില്‍ വന്ന ദിവസം ചന്ദ്രികയുടെ ഗവേണിങ് ബോഡി യോഗത്തില്‍ കുഞ്ഞാലിക്കുട്ടി എത്തിയിരുന്നതായും ഹൈദരലി തങ്ങള്‍ വ്യക്തമാക്കി.

അതേസമയം സമസ്തയടക്കമുള്ള സംഘടനകള്‍ കുഞ്ഞാലിക്കുട്ടിയുടെ നടപടിക്കെതിരെ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. സമസ്ത നേതാക്കള്‍ ഇക്കാര്യം ഹൈദരലി ശിഹാബ് തങ്ങളെ നേരിട്ടറിയിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം കുഞ്ഞാലിക്കുട്ടിയോട് ഹൈദരലി തങ്ങള്‍ വിശദീകരണം തേടുകയും ചെയ്തിരുന്നു.

ഇതിന് താന്‍ മറുപടി നല്‍കിയിട്ടുണ്ടെന്ന് കഞ്ഞാലിക്കുട്ടിയും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കുഞ്ഞാലിക്കുട്ടിയുമായി സംഭവത്തിന് ശേഷം നേരിട്ട് സംസാരിച്ചിട്ടില്ലെന്നാണ് ഹൈദരലി തങ്ങള്‍ ഇന്ന് പറഞ്ഞത്. ഇതിനിടെ സമുദായ വഞ്ചന കാട്ടിയ കുഞ്ഞാലിക്കുട്ടി എംപി രാജിവെക്കണമെന്നാവശ്യപ്പെട്ട് പിഡിപി ഇന്ന് അദ്ദേഹത്തിന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്തും. കഴിഞ്ഞ ദിവസം ഇതേ ആവശ്യമുന്നിയിച്ച് ഐഎന്‍എലും മാര്‍ച്ച് നടത്തിയിരുന്നു.