‘മുസ്‌ലിങ്ങള്‍ക്ക് ഇവിടെ ജീവിക്കണ്ടേ? ആഘോഷിക്കണ്ടേ?’; ജനം ടി.വിയുടെ വ്യാജ വാര്‍ത്തക്കെതിരെ നടന്‍ സലിം കുമാര്‍

single-img
30 December 2018

തിരുവനന്തപുരം: വര്‍ക്കല സിഎച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ കോളേജില്‍ ഭീകര സംഘടനകളുടെ പതാക ഉയര്‍ത്തി വിദ്യാര്‍ത്ഥികള്‍ പ്രകടനം നടത്തിയെന്ന ജനം ടിവി വാര്‍ത്തയ്‌ക്കെതിരെ നടന്‍ സലിംകുമാര്‍ രംഗത്ത്. താന്‍ കൂടി പങ്കെടുത്ത പരിപാടിയെ ജനം ടിവി തീവ്രവാദ പ്രവര്‍ത്തനമായി ചിത്രീകരിച്ചതാണെന്നും വിദ്യാര്‍ത്ഥികള്‍ ആഘോഷമായി നടത്തിയ പരിപാടി മാത്രമാണിതെന്നും സലിംകുമാര്‍ വ്യക്തമാക്കി.

മാര്‍ച്ചില്‍ നടന്ന പരിപാടി വിദ്യാര്‍ത്ഥികളുടെ ആഘോഷം മാത്രമായിരുന്നെന്നും സി.ഐ.ഡി മൂസ എന്ന സിനിമയുടെ പ്രത്യേക തീമില്‍ രൂപം കൊടുത്ത ആന്വല്‍ ഡേക്ക് അതേ രൂപത്തില്‍ വസ്ത്രം ധരിച്ചുവെന്നേയുള്ളുവെന്നും അന്ന് നടന്ന ആഘോഷ പരിപാടി മികച്ചതായിരുന്നെന്നും സലീം കുമാര്‍ പറയുന്നു.

ജനം ടി.വി എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ വാര്‍ത്തകള്‍ കൊടുക്കുന്നതെന്നും മുസ്‌ലിംങ്ങള്‍ക്ക് ഈ നാട്ടില്‍ ജീവിക്കണ്ടെയെന്നും അവര്‍ക്ക് ആഘോഷിക്കേണ്ടെയെന്നും സലീം കുമാര്‍ ചോദിച്ചു. നല്ല രീതിയില്‍ കോളേജ് നടത്തുന്ന ഡീസന്റ് ആള്‍ക്കാരാണ് സി.എച്ച്.എം.എം കോളെജ് മാനേജ്‌മെന്റ് എന്നും സലീം കുമാര്‍ പറയുന്നു.

അതേസമയം ജനം ടിവി വാര്‍ത്തയ്‌ക്കെതിരെ കോളേജ് മാനേജ്‌മെന്റും രംഗത്ത് വന്നു. കേരളത്തില്‍ അല്‍ഖ്വയ്ദ പിടിമുറുക്കുന്നുവെന്ന ജനം ടി.വി വാര്‍ത്ത വാസ്തവ വിരുദ്ധവും ഗുഢാലോചനയുമാണെന്ന് മാനേജ്‌മെന്റ് അധികൃതര്‍ പറഞ്ഞു.
വാര്‍ത്ത തെറ്റാണെന്നും യഥാര്‍ത്ഥ സംഭവത്തെ വളച്ചൊടിച്ചാണ് വാര്‍ത്ത നല്‍കിയതെന്നും മാനേജ്‌മെന്റ് പ്രതികരിച്ചു. കോളേജില്‍ അത്തരം പ്രവര്‍ത്തനങ്ങളൊന്നും തന്നെയില്ല. കോളജിലെ ആഘോഷ പരിപാടിയുമായി ബന്ധപ്പെട്ടുള്ള ഒരു വീഡിയോ ക്ലിപ്പാണ് ചിലര്‍ തീവ്രവാദ പ്രവര്‍ത്തനമെന്ന പേരിട്ട് പ്രചരിപ്പിക്കുന്നത്.

ആ ആഘോഷത്തെക്കുറിച്ച് അന്വേഷിക്കുകയോ നിജസ്ഥിതി അറിയാന്‍ ശ്രമിക്കുകയോ ചെയ്യാതെയാണ് ട്രസ്റ്റിനെയും കോളജിനെയും മോശമായി ചാനല്‍ ചിത്രീകരിക്കുന്നതെന്നും മാനേജ്‌മെന്റ് പറഞ്ഞു. 2018 മാര്‍ച്ച് 14ന് കോളജിലെ ആന്വല്‍ ഡേ ആഘോഷമായിരുന്നു.

കോളേജിലെ ഒരു വിഭാഗം കുട്ടികള്‍ നടന്‍ സലിംകുമാര്‍ ഫാന്‍സുകാരാണ്. ആന്വല്‍ ഡേക്ക് മുഖ്യാതിഥിയായി സലിംകുമാറിനെ ക്ഷണിക്കാന്‍ വിദ്യാര്‍ഥികളാണ് മുന്നിട്ട് നിന്നത്. അന്ന് സലിംകുമാര്‍ കറുപ്പ് വേഷം ധരിച്ചാണെത്തിയത്. ഫാന്‍സുകാര്‍ ഇത് നേരത്തേ ഉറപ്പുവരുത്തിയിരുന്നു.

അതിനാലാണ് ആണ്‍പെണ്‍ ഭേദമില്ലാതെ വിദ്യാര്‍ഥികളും കറുപ്പ് വേഷമണിഞ്ഞത്. ആന്വല്‍ ഡേ ഗംഭീരമായി സംഘടിപ്പിക്കുകയും ചെയ്തു. ആഘോഷ പരിപാടികള്‍ക്കൊപ്പം വിദ്യാര്‍ഥികളുടെ ആഹ്ലാദ പ്രകടനമാണ് ചാനല്‍ പ്രചരിപ്പിക്കുന്നതും തെറ്റിദ്ധരിപ്പിക്കുന്നതും. ചാനല്‍ പറയുന്നത് ഇത് നടന്നത് ഇക്കഴിഞ്ഞ ക്രിസ്മസിനെന്നാണ്. അതു തന്നെ പ്രചാരണം കള്ളമാണന്നതിന് തെളിവാണെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി.

വര്‍ക്കല ചവര്‍ക്കാട് സി എച്ച് എം എം കോളേജിലെ വിദ്യാര്‍ത്ഥികള്‍ അല്‍ ഖ്വായ്ദ ഭീകര വാദികളെ പോലെ വേഷം ധരിച്ചു കോളേജില്‍ എത്തിയെന്നായിരുന്നു ജനം ടി വി, ആഘോഷത്തിന്റെ വീഡിയോ സഹിതം നല്‍കിയ വാര്‍ത്ത. അല്‍ ഖ്വായ്ദയുടെ പതാക ഉയര്‍ത്തുന്നുണ്ടെന്നും കേരളം ഇസ്ലാം ഭീകരവാദത്തിന് വളക്കൂറുള്ള മണ്ണായി മാറുകയാണെന്നുമായിരുന്നു വാര്‍ത്തയുടെ ഉള്ളടക്കം. തലസ്ഥാനത്ത് അടക്കം കേരളത്തിലേക്കും ഐ എസ് അല്‍ ഖ്വായ്ദ ഭീഷണിയുണ്ടെന്നും വാര്‍ത്തയില്‍ പറഞ്ഞിരുന്നു.