എല്ലാ മതിലുകളും തകര്‍ക്കണമെന്നാണ് ഗുരു പറഞ്ഞതെന്ന് മുല്ലപ്പള്ളി; എതിര്‍ക്കുന്നവരാണ് മതിലിനെ വലിയ സംഭവമാക്കുന്നതെന്ന് മന്ത്രി എം.എം മണി

single-img
30 December 2018

എല്ലാ മതിലുകളും തകര്‍ക്കപ്പെടണമെന്നാണ് ശ്രീനാരായണ ഗുരു പറഞ്ഞതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. 86ാമത് ശിവഗിരി തീര്‍ഥാടന ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതിയുടെയും മതത്തിന്റെയും മതിലുകള്‍ തകര്‍ക്കപ്പെടണം. ഗുരുതത്വങ്ങള്‍ പുനര്‍വായനക്ക് വിധേയമാക്കണം. ഉച്ചനീചത്വങ്ങള്‍ ഇല്ലാതാക്കാനാണ് ഗുരു ശ്രമിച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞു.

അതേസമയം, എതിര്‍ക്കുന്നവരാണ് വനിതാ മതിലിനെ വലിയ സംഭവമാക്കുന്നതെന്ന് മന്ത്രി എം.എം മണി പറഞ്ഞു. ലോകത്തില്‍ തന്നെ ഇത് വലിയ സംഭവമാണ്. മതിലിന് 30 ലക്ഷം പേര്‍ മതിയെന്നാണ് പറഞ്ഞത്. എന്നാല്‍, 40 ലക്ഷത്തിലധികം പേര്‍ പങ്കെടുക്കാനാണ് സാധ്യത.

എല്ലാവരും വാശിയോടെയാണ് മതിലിനെ കാണുന്നതെന്നും എം.എം മണി പറഞ്ഞു. സി.പി.എമ്മിന് ജാതിയോ മതമോ ഇല്ലെന്ന് എല്ലാവര്‍ക്കും അറിയാം. ഏത് ജാതിയുടെ പുറകെയാണ് ഞങ്ങള്‍ പോവുക. ഞങ്ങള്‍ വര്‍ഗീയമായ ചിന്തിക്കുന്നുണ്ടോയെന്നും മണി ചോദിച്ചു.

ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുകയാണ് ഞങ്ങള്‍ ചെയ്തത്. കോടതി വിധി കൊള്ളാം എന്ന് പറഞ്ഞവരാണ് നാല് വോട്ടിന് വേണ്ടി നിലപാട് മാറ്റിയത്. സി.പി.എമ്മിന് വര്‍ഗീയത ഉണ്ടെന്ന് പറയുന്നവന് തലക്ക് സുഖമില്ലെന്നാണ് അതിന്റെ അര്‍ഥമെന്നും മന്ത്രി മണി മാധ്യമങ്ങളോട് പറഞ്ഞു.