വി.എസ് ഇപ്പോഴും സി.പി.എമ്മില്‍ ആണോ?; വിമര്‍ശനവുമായി കാനം

single-img
30 December 2018

വനിതാ മതിലിനെ വിമര്‍ശിച്ച വി.എസ്. അച്യുതാനന്ദനെ തള്ളി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. സി.പി.എം നേതൃത്വം നല്‍കുന്ന എല്‍.ഡി.എഫാണ് വനിതാ മതില്‍ തീര്‍ക്കാന്‍ തീരുമാനിച്ചതെന്ന് കാനം പറഞ്ഞു. വി.എസ് ഇപ്പോഴും സി.പി.എമ്മില്‍ ആണെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നവോത്ഥാനം വേണോ വിമോചന സമരം വേണോ എന്ന് എന്‍.എസ്. എസ് തീരുമാനിക്കണം. മന്നത്തിന്റെ ശിഷ്യര്‍ നവോത്ഥാനത്തില്‍ നിന്ന് മാറി പോവുകയാണെന്നും കാനം മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ, ജാതി സംഘടനകളെ കൂടെ നിര്‍ത്തിയുള്ള വര്‍ഗസമരം കമ്മ്യൂണിസ്റ്റ് വിപ്ലവ പദ്ധതിയല്ലെന്നു വി.എസ് അച്യുതാനന്ദന്‍ പറഞ്ഞിരുന്നു. ആര്‍.ബാലകൃഷ്ണപിളളയുടെ കേരള കോണ്‍ഗ്രസ് ബി ഉള്‍പെടെയുളള കക്ഷികളെ ഉള്‍പെടുത്തി ഇടതുമുന്നണി വിപുലീകരിച്ചതിനെയും വി.എസ് വിമര്‍ശിച്ചിരുന്നു.

ഇടതുമുന്നണി വര്‍ഗീയകക്ഷികള്‍ക്കുളള ഇടത്താവളമല്ല. സ്ത്രീവിരുദ്ധതയും സവര്‍ണമേധാവിത്വവും ഉള്ളവര്‍ മുന്നണിയില്‍ വേണ്ട. കുടുംബത്തില്‍ പിറന്നവര്‍ ശബരിമലയില്‍ പോകില്ലെന്ന നിലപാടുളളവര്‍ മുന്നണിക്ക് ബാധ്യതയാകും. ജനാധിപത്യം, മതേതരത്വം, തുല്യത, സോഷ്യലിസം എന്നിങ്ങനെയുള്ള ചില ഉള്‍ക്കാഴ്ച്ചകള്‍ ഉള്ളവരുടെ കൂട്ടായ്മയാവണം ഇടതുപക്ഷമെന്നും വി.എസ് പറഞ്ഞിരുന്നു.