ബോക്സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ചരിത്രജയം

single-img
30 December 2018

ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യക്ക് ചരിത്ര ജയം. ആസ്‌ട്രേലിയയെ 137 റണ്‍സിനാണ് ഇന്ത്യ തോല്‍പിച്ചത്. 1981ന് ശേഷം ആദ്യമായാണ് മെല്‍ബണില്‍ ഇന്ത്യ വിജയിക്കുന്നത്. ജയത്തോടെ നാല് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി(2-1).രണ്ട് ഇന്നിങ്സിലുമായി 9 വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് കളിയിലെ താരം. സിഡ്‌നിയിലാണ് നാലാം മത്സരം. അന്നും ജയിച്ചാല്‍ ആസ്ട്രേലിയന്‍ മണ്ണില്‍ ഇന്ത്യക്ക് ആദ്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കാം. സ്‌കോര്‍ ബോര്‍ഡ് ചുരുക്കത്തില്‍: ഇന്ത്യ 443/7 106/8, ആസ്‌ട്രേലിയ: 151, 261

അവസാന ദിവസം രണ്ട് വിക്കറ്റ് മാത്രം കൈയിരിലിരിക്കെ ജയിക്കാൻ 141 റൺസ് വേണ്ടിയിരുന്ന ഓസ്ട്രേലിയ 261 റൺസിന് ഓൾഔട്ടാവുകയായിരുന്നു. മഴ കാരണം ഉച്ചവരെ കളി പുനരാരംഭിക്കാൻ കഴിഞ്ഞിരുന്നില്ല. കളി  ഉച്ചഭക്ഷണത്തിനുശേഷം കളി പുനരാരംഭിച്ചപ്പോൾ 4.3 ഓവറിൽ അവർക്ക് ശേഷിക്കുന്ന വിക്കറ്റുകൾ കൂടി നഷ്ടമായി.

114 പന്തിൽ നിന്ന് 63 റൺസെടുത്ത കമ്മിൻസാണ് ആദ്യം പുറത്തായത്. ബുംറയ്ക്കായിരുന്നു വിക്കറ്റ്. ഇശാന്ത് ശർമ എറിഞ്ഞ തൊട്ടടുത്ത ഓവറിൽ നഥാൻ ലിയോണും പുറത്തായി. ഏഴ് റൺസ് മാത്രമായിരുന്നു സംഭാവന. ഹെയ്സൽവുഡ് പുറത്താകാതെ നിന്നു. ഇതോടെ ഇന്ത്യയ്ക്ക് ജയം സ്വന്തമായി. ഇന്ത്യയ്ക്കുവേണ്ടി ബുംറയും ജഡേജയും മൂന്ന് വിക്കറ്റ് വീതവും ഷമിയും ഇശാന്തും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

ഒന്നാം ഇന്നിങ്സിൽ ഓസ്ട്രേലിയ 151 റൺസിന് പുറത്തായിരുന്നു. ജസ്പ്രീത് ബുമ്രയുടെ ആറ് വിക്കറ്റ് പ്രകടനത്തിലാണ് ഓസീസ് ഇന്നിങ്സ് ഇന്ത്യ അനായാസം അവസാനിപ്പിച്ചത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴിന് 443 എന്ന നിലയിൽ ഒന്നാം ഇന്നിങ്സ് ഡിക്ലയർ ചെയ്തിരുന്നു. കരിയറിലെ 17–ാം സെഞ്ചുറി കുറിച്ച ചേതേശ്വർ പൂജാരയുടെ മികവിലാണു ഒന്നാം ഇന്നിങ്സിൽ വമ്പൻ സ്കോറിലേക്ക് ഇന്ത്യ എത്തിയത്. 280 പന്തുകളിൽ നിന്നാണ് പൂജാര സെഞ്ചുറി നേട്ടം കുറിച്ചത്. ഇന്ത്യയ്ക്കായി കന്നി മൽസരം കളിക്കുന്ന മായങ്ക് അഗര്‍വാൾ, ക്യാപ്റ്റൻ വിരാട് കോഹ്‍ലി, രോഹിത് ശർമ എന്നിവർ അർധസെഞ്ചുറി നേടി.