മുത്തലാഖ് ബില്‍ നാളെ രാജ്യസഭയില്‍; പ്രാദേശിക പാര്‍ട്ടികളെ അനുനയിപ്പിക്കാനുള്ള ശ്രമത്തില്‍ ബിജെപി; ബില്‍ പാസാകില്ലെന്ന് ഉറപ്പിച്ച് പ്രതിപക്ഷം

single-img
30 December 2018

ന്യൂഡല്‍ഹി: പ്രതിപക്ഷ എതിര്‍പ്പിനിടെ ലോക്‌സഭ കടന്ന മുത്തലാഖ് ബില്‍ തിങ്കളാഴ്ച രാജ്യസഭയില്‍. സര്‍ക്കാരിന് ഭൂരിപക്ഷമുള്ള ലോക്‌സഭയില്‍ അനായാസം പാസാക്കിയെടുത്ത മുത്തലാഖ് ബില്‍ രാജ്യസഭയില്‍ പാസാക്കുക എളുപ്പമാകില്ല. എഴുപത്തിമൂന്ന് അംഗങ്ങളുള്ള ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷി ആണെങ്കിലും സഭയില്‍ ഭൂരിപക്ഷം ഇല്ല.

സഖ്യകക്ഷികളായ ശിവസേനയുടെയും അകാലിദളിന്റെയും മൂന്നുവീതം അംഗങ്ങളുടെ പിന്തുണ ഉറപ്പാണെങ്കിലും ബില്ല് പാസാകണമെങ്കില്‍ നാല്‍പത് അംഗങ്ങളുടെ കൂടി പിന്തുണ ഉറപ്പിക്കണം. ഇതിനായി കേന്ദ്രസര്‍ക്കാര്‍ പ്രാദേശിക പാര്‍ട്ടികളുമായി അനൗപചാരിക ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു.

ബില്ലിനെതിരെ 116അംഗങ്ങളുടെ പിന്തുണ ഉണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ അവകാശവാദം. ഇതിനുപുറമേ ലോക്‌സഭയില്‍ ബില്ലിനെ എതിര്‍ത്ത ബിജെഡി, അണ്ണാ ഡിഎംകെ എന്നീ പാര്‍ട്ടികള്‍ നിലപാട് മാറ്റില്ലെന്നാണ് സൂചന. തൃണമൂല്‍ കോണ്‍ഗ്രസും ബില്ലിനെ ശക്തമായി എതിര്‍ക്കും. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ തിങ്കളാഴ്ച യോഗം ചേര്‍ന്ന് ബില്ലിന് സര്‍ക്കാരിനെ സഭയില്‍ ഒറ്റപ്പെടുത്താനുള്ള തന്ത്രങ്ങള്‍ക്ക് രൂപം നല്‍കും.

രാജ്യസഭയില്‍ ഒരു വര്‍ഷമായി നിലവിലുള്ള മുത്തലാഖ് ബില്‍ പിന്‍വലിക്കാതെതന്നെ പുതിയ ബില്‍ അവതരിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ലോക്‌സഭ കഴിഞ്ഞ ദിവസം പാസാക്കിയ പുതിയ ബില്ലും സെപ്റ്റംബര്‍ 19ന് ഇറക്കിയ മുത്തലാഖ് ഓര്‍ഡിനന്‍സ് തള്ളിക്കളയണമെന്ന കോണ്‍ഗ്രസിലെ ടി.സുബ്ബിരാമ റെഡ്ഡിയുടെ പ്രമേയവും ഒരുമിച്ചു പരിഗണിക്കാന്‍ രാജ്യസഭയുടെ നാളത്തെ അജന്‍ഡയില്‍ ഉള്‍പ്പെടുത്തി.

പഴയ ബില്‍ പിന്‍വലിക്കാന്‍ പ്രമേയം അവതരിപ്പിച്ചാല്‍ അതു പ്രതിപക്ഷത്തിനു പരാജയപ്പെടുത്താനാകും; പഴയ ബില്‍ സിലക്ട് കമ്മിറ്റിക്കു വിടണമെന്ന പ്രതിപക്ഷ പ്രമേയങ്ങളും സഭ പരിഗണിക്കേണ്ടിവരും. അപ്പോള്‍, പുതിയ ബില്‍ പരിഗണിക്കാന്‍ പോലും പറ്റാത്ത സ്ഥിതിയാവും.

ഏറെ തര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ കഴിഞ്ഞ ദിവസമാണ് ബില്‍ രണ്ടാം തവണയും ലോക്‌സഭയില്‍ പാസാക്കിയത്. ബില്ലില്‍ നടത്തിയ വോട്ടെടുപ്പ് കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചിരുന്നു. 245 പേര്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 11 പേര്‍ എതിര്‍ത്തു.

സിപിഎമ്മും ആര്‍എസ്പിയുടെ എന്‍ കെ പ്രേമചന്ദ്രനും ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തു. പ്രതിപക്ഷം മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങള്‍ കൂടി അംഗീകരിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്. ഓര്‍ഡിനന്‍സിലുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയാണ് രണ്ടാമതും ബില്‍ കൊണ്ടുവന്നത്.

എന്നാല്‍, പ്രതിപക്ഷം ഒന്നടങ്കം ബില്ലിനെ ലോക്‌സഭയില്‍ എതിര്‍ക്കുകയായിരുന്നു. വോട്ടെടുപ്പിന് നില്‍ക്കാതെ കോണ്‍ഗ്രസ് സഭയില്‍നിന്ന് ഇറങ്ങിപ്പോയെങ്കിലും കുറച്ച് പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍ തുടര്‍ന്നു. പ്രതിപക്ഷം കൊണ്ടുവന്ന എല്ലാ വ്യവസ്ഥകളും വോട്ടിനിട്ട് തള്ളിക്കൊണ്ടാണ് ഭരണപക്ഷം ലോക്‌സഭയില്‍ വിജയം ഉറപ്പിച്ചത്. ഭാരത് മാതാ കി ജയ് എന്ന് മുദ്രാവാക്യം വിളിച്ചാണ് ബിജെപി അംഗങ്ങള്‍ ബില്ല് ലോക്‌സഭയില്‍ പാസായതിനെ സ്വാഗതം ചെയ്തത്.

മൂന്ന് വര്‍ഷത്തെ ശിക്ഷ എടുത്ത് കളയണം എന്നതാണ് കോണ്‍ഗ്രസ് ആദ്യം തന്നെ ആവശ്യപ്പെട്ടത്. മുത്തലാഖ് ക്രിമിനല്‍ കുറ്റമാണെന്നാണ് ബില്ല് വ്യക്തമാക്കുന്നത്. ഇത് എടുത്തുകളയണമെന്ന ആവശ്യം വോട്ടെടുപ്പില്‍ തള്ളി പോകുകയായിരുന്നു. ഒമ്പത് വ്യവസ്ഥകളാണ് ബില്ലില്‍ ഉള്ളത്. ഇതില്‍ ഓരോ വ്യവസ്ഥകളിലും വോട്ടെടുപ്പ് നടന്നു. മുത്തലാഖ് നിരോധന ബില്‍ പിന്‍വലിക്കണമെന്നും മതപരമായ വിഷയങ്ങളില്‍ ഇടപെടരുതെന്നുമാണ് കോണ്‍ഗ്രസ് ലോക്‌സഭയില്‍ ആവശ്യപ്പെട്ടത്.