കുടുംബശ്രീക്ക് വായ്പ കൊടുക്കുന്നത് സര്‍ക്കാരല്ല: വനിതാ മതിലുമായി ബന്ധപ്പെട്ട ആക്ഷേപങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് മന്ത്രി തോമസ് ഐസക്

single-img
29 December 2018

വനിതാ മതിലിനുവേണ്ടി നിര്‍ബന്ധിത പിരിവ് നടത്തിയെന്ന ആക്ഷേപങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് മന്ത്രി തോമസ് ഐസക്ക്. ‘എല്ലാം ആക്ഷേപങ്ങള്‍ മാത്രമാണ്. കുടുംബശ്രീക്ക് വായ്പ നല്‍കുന്നത് സര്‍ക്കാരലല്ലോ ? അതുകൊണ്ട് അത്തരം ആക്ഷേപങ്ങളില്‍ അടിസ്ഥാനമില്ല’ മന്ത്രി കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

വനിതാ മതിലില്‍ പങ്കെടുക്കാത്ത കുടുംബശ്രീ അംഗങ്ങള്‍ക്ക് വായ്പ നിഷേധിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ നവോത്ഥാനത്തെ പിന്നോട്ടടിക്കാന്‍ ശ്രമിക്കുന്നവരാണ്. ഇത്തരം കാര്യങ്ങള്‍ പറഞ്ഞ് പരത്തുന്നവര്‍ക്ക് കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയില്ലെന്നും ധമന്ത്രി കുറ്റപ്പെടുത്തി.

ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിലിന് നിര്‍ബന്ധിത പണപ്പിരിവ് നടക്കുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. ‘കുടുംബശ്രീക്ക് വായ്പ നല്‍കുന്നതില്‍ സര്‍ക്കാരിനോ ഉദ്യോഗസ്ഥര്‍ക്കോ ഇടപെടാനാകില്ല. ആര്‍ക്കും അതില്‍ നിയന്ത്രണവുമില്ല.

ഓരോ കുടുംബശ്രീ യൂണിറ്റും ബാങ്കില്‍നിന്നാണ് വായ്പ എടുക്കുന്നത്. ഇതെല്ലാം കുടുംബശ്രീക്കാര്‍ക്ക് അറിയാമല്ലോ. അതിനാല്‍ അതിലൊന്നും യാതൊരു അടിസ്ഥാനവുമില്ല’ മന്ത്രി വ്യക്തമാക്കി. പെന്‍ഷന്‍ തുകയില്‍നിന്ന് നിര്‍ബന്ധിത പിരിവ് നടത്തിയെന്ന ആരോപണത്തെക്കുറിച്ച് പാര്‍ട്ടി പരിശോധിക്കുമെന്നും, ഇതെല്ലാം വെറും ആക്ഷേപങ്ങള്‍ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.